വെങ്ങാനൂർ -ചാനൽക്കര റോഡ് തകർന്നു
1580755
Saturday, August 2, 2025 6:51 AM IST
വിഴിഞ്ഞം: മഴയിൽ വെങ്ങാനൂർ- ചാവടിനട- ചാനൽക്കര റോഡ് തകർന്ന് തരിപ്പണമായി. അധികൃതർ തിരിഞ്ഞ് നോക്കുന്നില്ലെന്ന് നാട്ടുകാർ. ടാറുകൾ ഇളകിമാറി വലിയ കുഴികൾ രൂപ പ്പെട്ട റോഡിലൂടെ കാൽനട പോലും ദുസ്സഹമായി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ വെള്ളം കെട്ടിക്കിടന്ന കുഴികളിൽ പതിച്ച് നിരവധി ഇരു ചക്ര വാഹനങ്ങൾ തെന്നിവീണതായും നാട്ടുകാർ പറയുന്നു.
വെങ്ങാനൂർ ചാവടി നടഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള പ്രധാന റോഡാണിത്. നൂറ് കണക്കിന് വിദ്യാർഥികളും നാട്ടുകാരും കടന്നുപോകുന്ന റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് പരാതി ഉയർന്നെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ല. ആഴമേറിയ കനാലിന് ചേർന്നാണ് റോഡ് കടന്നുപോകുന്നത്. കുഴികളിൽ പതിക്കുന്ന വാഹനങ്ങൾ നിയന്ത്രണം തെറ്റിയാൽ വലിയ അപകടമുണ്ടാകാനുള്ള സാധ്യതയുമുണ്ട്.
നാട്ടുകാരുടെ പരാതിയെ തുടർന്ന് വർഷങ്ങൾക്ക് റോഡിന്റെ നൂറ് മീറ്ററോളം മാത്രം ടാറിംഗ് നടത്തിയ അധികൃതർ പിന്നെ തിരിഞ്ഞ് നോക്കിയില്ലെന്നും ആക്ഷേപമുണ്ട്. മഴക്കാലത്ത് മറ്റ് പല റോഡുകളിൽ അറ്റകുറ്റപ്പണികൾ നടത്തിയവരും ചാനൽ ക്കര റോഡിനെ മറന്നു.