തിരുവനന്തപുരം മെഡി.കോളജ് : പ്രോബുകള്‍ ഇല്ല; കീഹോള്‍ ശസ്ത്രക്രിയകള്‍ മുടങ്ങുന്നു
1580751
Saturday, August 2, 2025 6:51 AM IST
മെഡിക്കല്‍കോളജ്: കീഹോള്‍ ശസ്ത്രക്രിയകള്‍ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളിലെ അവശ്യഘടകമായ പ്രോബുകള്‍ (ശരീരഭാഗം മുറിക്കാന്‍ ഉപയോഗിക്കുന്ന മൂര്‍ച്ചയുള്ള ഉപകരണം) ലഭ്യമല്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മുടങ്ങുന്ന അവസ്ഥ. തിരുവനന്തപുരം മെഡിക്കല്‍കോളജിലെ സര്‍ജിക്കല്‍, ഗ്യാസ്ട്രോ, യൂറോളജി, ഗൈനക്കോളജി, ജനറല്‍ സര്‍ജറി, ഓര്‍ത്തോപീഡിക് തുടങ്ങിയ വകുപ്പുകളിലാണ് ശസ്ത്രക്രിയകള്‍ക്കു മുടക്കം നേരിടുന്നത്.
വിവിധ ശസ്ത്രക്രിയാ ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന വ്യത്യസ്ത വിധത്തിലുള്ള പ്രോബുകള്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ആണ് നല്കിവന്നിരുന്നത്. ഇവര്‍ക്ക് ഇപ്പോള്‍ നല്‍കാനുള്ളത് 30 കോടിയിലധികം രൂപയാണ്. കുടിശിക ഉള്ളതിനാല്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയിലൂടെയും പ്രോബുകള്‍ ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ രോഗികളില്‍ നിന്നും പണം പിരിച്ച് ഉപകരണങ്ങള്‍ വാങ്ങുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇങ്ങനെ വാങ്ങുന്ന പ്രോബുകള്‍ വിലകുറഞ്ഞതായിരിക്കുമെന്നതിനാല് കാര്യക്ഷമതയും സംശയത്തിലാണ്.
30-40 ലക്ഷം രൂപ വില വരുന്ന വിലയേറിയ ഉപകരണങ്ങളില്‍ വിലകുറഞ്ഞ പ്രോബുകള്‍ ഉപയോഗിക്കുന്നത് മെഷീനുകള്‍ കേടാകുന്നതിന് കാരണമാകും. ഇത് ഉപകരണങ്ങളുടെ കാര്യക്ഷമതയെ ബാധിക്കുകയും ചെയ്യും. 2008-09 കാലഘട്ടത്തില്‍ ഓര്‍ത്തോ വിഭാഗത്തിലെ ശസ്ത്രക്രിയാ ഉപകരണമായ സി-ആം മെഷീന്റെ കേബിളുകള്‍ ഹാക്സാ ബ്ലോക്ക് കൊണ്ട് മുറിച്ച സംഭവം മുതല്‍ യൂറോളജി വിഭാഗത്തിലെ 30 ഡിഗ്രി ടെലസ്കോപ്പ് മെഷീനിലെ അഞ്ചുലക്ഷം രൂപ വിലയുള്ള കേബിളുകള്‍ നശിപ്പിച്ചതുവരെയുള്ള അന്വേഷണം നിലവില്‍ എങ്ങുമെത്തിയിട്ടില്ല.
വിഷയങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുന്‍ മെഡിക്കല്‍കോളജ് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീകാര്യം ശ്രീകുമാര്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കിയിട്ടുണ്ട്.