വസ്തുതട്ടിപ്പ് കേസ് : അനന്തപുരി മണികണ്ഠന്റെ സുഹൃത്തും പിടിയില്‍
1580481
Friday, August 1, 2025 6:46 AM IST
പേരൂര്‍ക്കട: ജവഹര്‍ നഗറിലെ വസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് അനന്തപുരി മണികണ്ഠന്റെ ഉറ്റസുഹൃത്ത് പോലീസ് പിടിയില്‍. തിരുമല മുടവന്മുകള് സ്വദേശിയും വെള്ളയമ്പലം ആര്‍ടെക് ലെക്സസ് ഫ്ളാറ്റ് നമ്പര്‍ ഡി. 10-ല്‍ താമസിച്ചുവരുന്നയാളുമായ അന്‍വര്‍ എന്നറിയപ്പെടുന്ന സെയ്ദാലി (47) ആണ് പിടിയിലായത്. ആധാരമെഴുത്തുകാരനായ അനന്തപുരി മണികണ്ഠന് മെറിന് ജേക്കബിനെ പരിചയപ്പെടുത്തിക്കൊടുത്തത് സെയ്ദാലിയാണ്.
സെയ്ദാലിയുടെ ഭാര്യ നടത്തിവരുന്ന വി ഗ്രോ ഫോറസ്റ്റ് എന്ന ഫൗണ്ടേഷന്റെ ട്രസ്റ്റി മെമ്പറായിരുന്നു മെറിന് ജേക്കബ്. ജവഹര്‍ നഗറിലെ വസ്തുവിന്റെ ഉടമയായ ഡോറ അസറിയ ക്രിപ്സിന്റെ വളര്ത്തുപുത്രിയാണ് മെറിന് ജേക്കബ് എന്ന് ആധാരത്തില്‍ കാണിച്ചാണ് മണികണ്ഠന് വസ്തുതട്ടിപ്പിനുള്ള രേഖകള്‍ തയാറാക്കി നല്‍കിയത്.
സെയ്ദാലിയും മണികണ്ഠനും വളരെ വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്. സബ് രജിസ്ട്രാര്‍ ഓഫീസില്‍ ആധാരം രജിസ്റ്റര്‍ ചെയ്തുവെന്നു പറയുന്ന 2025 ജനുവരി 17ന് സെയ്ദാലി തന്റെ കാറിലാണ് മെറിനെ എത്തിക്കുന്നതും തിരികെ കൊണ്ടുവിടുന്നതും.
മെറിനെ പരിചയപ്പെടുത്തി നല്‍കിയതിന് സെയ്ദാലിക്ക് 25 ലക്ഷം രൂപയാണ് മണികണ്ഠന് വിവിധ സമയങ്ങളിലായി നല്‍കിയത്. പലര്‍ക്കുംവേണ്ടി തന്റെ ഭാവന ഉപയോഗിച്ച് പുസ്തകരചന നടത്തിയശേഷം ഉടമയുടെ പേരില്‍ പ്രസിദ്ധീകരിക്കുന്നതിന് അവസരമൊരുക്കുകയും അതിനുള്ള പ്രതിഫലം വാങ്ങുകയും ചെയ്തു വരികയായിരുന്നു സെയ്ദാലി.
അനന്തപുരി മണികണ്ഠനുവേണ്ടി രാഹുല്‍ഗാന്ധിയെക്കുറിച്ച് ഒരു പുസ്തകം സെയ്ദാലി എഴുതി പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ കൈമാറ്റം നടക്കുന്നതിനു മുമ്പാണ് ഘട്ടം ഘട്ടമായി ഓരോരുത്തരായി അറസ്റ്റിലാകുന്നത്. വസ്തുവും വീടും തട്ടിയ സംഭവവുമായി ബന്ധപ്പെട്ട് സെയ്ദാലി അറസ്റ്റിലായതോടെ ഇതുവരെ പിടിയിലായവരുടെ എണ്ണം ഏഴ് ആയി.
ഇതില്‍ ചന്ദ്രസേനന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കന്റോണ്‍മെന്റ് എ.സി സ്റ്റ്യുവര്‍ട്ട് കീലറിന്റെ നേതൃത്വത്തില്‍ സിഐ വിമല്‍, എസ്.ഐമാരായ വിപിന്‍, ബാലസുബ്രഹ്മണ്യം, സി.പി.ഒമാരായ രഞ്ജിത്ത്, ഷിനി, ഉദയന്‍, അനൂപ്, സാജന്, ഡിക്സണ്‍, അരുണ്‍, ഹൈനസ് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. അറസ്റ്റിലായ സെയ്ദാലിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.
അനില്‍ തമ്പിക്കുവേണ്ടി വല വിരിച്ച് പോലീസ്
പേരൂര്‍ക്കട: ജവഹര്‍ നഗറിലെ ഡോറ അസറിയ ക്രിപ്സിന്റെ വസ്തുവും വീടും തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ ബുദ്ധികേന്ദ്രമായ അനില്‍ തമ്പിക്കുവേണ്ടി വലവിരിച്ച് മ്യൂസിയം പോലീസ്.
വസ്തുതട്ടിപ്പിന്റെ അസല്‍ പ്രമാണം ഹാജരാക്കാന്‍ മ്യൂസിയം പോലീസ് ഇയാളോട് ആവശ്യപ്പെട്ടിട്ട് ആഴ്ചകള്‍ കഴിഞ്ഞുവെങ്കിലും അതുണ്ടായിട്ടില്ല.
ഇതോടുകൂടി അനില്‍ തമ്പിയെ കസ്റ്റഡിയിലെടുക്കാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചുവെങ്കിലും ഇയാള്‍ വീട്ടില്‍നിന്നു മുങ്ങുകയായിരുന്നു.