അദാനി റോയൽസ് കപ്പ് ക്രിക്കറ്റ് മൂന്നിന് കോവളത്ത്
1580483
Friday, August 1, 2025 6:46 AM IST
തിരുവനന്തപുരം: അദാനി ട്രിവാൻഡ്രം റോയൽസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ അദാനി റോയൽസ് കപ്പ് ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് മൂന്നിന് കോവളം വാഴമുട്ടം സ്പോർട്സ് ഹബിൽ നടക്കും.
തീരദേശ മേഖലയിലെ, പ്രത്യേകിച്ച് വിഴിഞ്ഞം ഭാഗത്തെ ക്രിക്കറ്റ് പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും വളർത്തിയെടുക്കുന്നതിനുമായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ വിഴിഞ്ഞം, പൂവാർ, ശംഖുമുഖം എന്നിവിടങ്ങളിൽ നിന്നുള്ള താമസക്കാർക്ക് മാത്രമാണ്
ടൂർണമെന്റിൽ പങ്കെടുക്കാൻ അവസരം. തുടർന്നുള്ള ടൂർണമെന്റുകളിൽ മറ്റു മേഖലകളെയും ഉൾപ്പെടുത്തും. മൂന്നിന് രാവിലെ എട്ടിന് ആരംഭിക്കുന്ന ടൂർണമെന്റിൽ 16 ടീമുകളാണ് പങ്കെടുക്കുന്നത്.
വിജയികൾക്ക് ട്രോഫിയും കാഷ് പ്രൈസും സമ്മാനിക്കും. ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാൻ,മികച്ച ബൗളർ,ഏറ്റവും മൂല്യമുള്ള താരം എന്നിവർക്ക് പ്രത്യേക പുരസ്കാരങ്ങൾ നൽകും. ഇതിനുപുറമെ, ഓരോ മത്സരത്തിലെയും മികച്ച കളിക്കാരന് മാൻ ഓഫ് ദ മാച്ച് പുരസ്കാരവും സമ്മാനിക്കും.
പ്രമുഖ ചലച്ചിത്ര സംവിധായകൻ പ്രിയദർശനും ജോസ് തോമസ് പട്ടാറയും നേതൃത്വം നൽകുന്ന പ്രോ-വിഷൻ സ്പോർട്സ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള കണ്‍സോർഷ്യമാണ് ട്രിവാൻഡ്രം റോയൽസിന്റെ ഉടമകൾ. ഡോ. ശശി തരൂർ എംപിയാണ് ടീമിന്റെ മുഖ്യ രക്ഷാധികാരി.