ക്രിമിനല്‍ക്കേസ് പ്രതി ആന്ധ്ര അയ്യപ്പന് അറസ്റ്റില്‍
1580752
Saturday, August 2, 2025 6:51 AM IST
പേരൂര്‍ക്കട: നിരവധി ക്രിമിനല്‍ക്കേസുകളിലെ പ്രതിയും കരമന സ്വദേശിയുമായ ആന്ധ്ര അയ്യപ്പന് എന്നറിയപ്പെടുന്ന അയ്യപ്പനെ(32) കരമന സിഐ അനൂപ്, എസ്ഐ അജിത്കുമാര്‍, സിപിഒമാരായ ഹിരണ്‍, കൃഷ്ണകുമാര്‍, അജികുമാര്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റുചെയ്തു.
തന്റെ താമസസ്ഥലത്തുള്ള ആന്ധ്രാ സ്വദേശികളുമായി ചങ്ങാത്തം വന്നതോടെയാണ് ഇയാള്‍ ആന്ധ്ര അയ്യപ്പന് എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. തിരുവനന്തപുരം നഗരപരിധിയില്‍ കരമന സ്റ്റേഷന് ഉള്‍പ്പെടെ വഞ്ചിയൂര്‍, മെഡിക്കല്‍കോളജ്, തമ്പാനൂര്‍, ഫോര്‍ട്ട് സ്റ്റേഷനുകളിലായി 15-ഓളം കേസുകള്‍ ഇയാള്‍ക്കെതിരേയുണ്ട്.
10 വയസുള്ള മകളെ മദ്യപിച്ചെത്തി മര്‍ദ്ദിച്ചതിനാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്. ഒരാഴ്ച മുമ്പായിരുന്നു സംഭവം. മകളെ ആക്രമിക്കുന്നതു തടഞ്ഞപ്പോള്‍ ഭാര്യയെയും ആക്രമിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.