കൊടിനട- വഴിമുക്ക് പാതവികസനം ഇഴയുന്നതായി ആക്ഷേപം
1580756
Saturday, August 2, 2025 6:51 AM IST
നെയ്യാറ്റിന്‍കര: ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ദേശീയപാത വികസനത്തിന്റെ ഭാഗമായ കൊടിനട മുതല്‍ വഴിമുക്ക് വരെയുള്ള പാതയോരത്തെ കെട്ടിടങ്ങള്‍ പൊളിക്കലും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യലും ഇഴയുന്നതായി ആക്ഷേപം. പോരാത്തതിന്, ഞായറാഴ്ച അടക്കമുള്ള അവധി ദിനങ്ങളില്‍ പോലും ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍പെട്ട് വലയുന്നു.
കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കര ഭാഗത്തേയ്ക്ക് വന്നതും തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോയതുമായ രണ്ട് ആംബുലന്‍സുകള്‍ വഴിമുക്കിനു സമീപത്തെ ഗതാഗതക്കുരുക്കില്‍ അകപ്പെട്ടു. വീതി കുറഞ്ഞ പാതയില്‍ അങ്ങോട്ടും ഇങ്ങോട്ടും വരിവരിയായി വാഹനങ്ങള്‍ കിടക്കുന്പോള് തടസമില്ലാതെ മുന്നോട്ടുപോകാന്‍ രണ്ട് ആംബുലന്‍സുകളും പാടുപെട്ടു. രാവിലെ മുതല്‍ നീളുന്ന ഗതാഗതക്കുരുക്ക് ചിലപ്പോള്‍ രാത്രി വരെയും നീളാറുണ്ടെന്നാണ് തദ്ദേശീയരും യാത്രക്കാരും ചൂണ്ടിക്കാണിക്കുന്നത്.
ഞായറാഴ്ച ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളില്‍ പോലും സ്ഥിതി വ്യത്യസ്ഥമല്ല. കരമന- കളിയിക്കാവിള പാതയില്‍ കൊടിനട മുതല്‍ വഴിമുക്ക് വരെയാണ് അടുത്ത ഘട്ടം വികസന പ്രവൃത്തികള്‍ നടക്കേണ്ടത്. പാതയോരത്തെ കെട്ടിടങ്ങള്‍ പൊളിക്കല്‍ പ്രവൃത്തികള്‍ വഴിമുക്ക് കഴിഞ്ഞും പുരോഗമിക്കുന്നുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ പൂര്‍ണമായി പൊളിച്ചിട്ടില്ല. പൊളിച്ചു മാറ്റിയവ നീക്കം ചെയ്യുന്നതിലും കാലതാമസം നേരിടുന്നതായി ആക്ഷേപമുയരുന്നു.
ഓണത്തിനു മുന്നോടിയായി ഈ മാസം പകുതിയോടെ ബാലരാമപുരം മുതല്‍ നെയ്യാറ്റിന്‍കര വരെയും വ്യാപാര കേന്ദ്രങ്ങളില്‍ തിരക്ക് സ്വാഭാവികമായും അനുഭവപ്പെടും. ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടില്ലായെങ്കില്‍ ഓണം നാളുകളില്‍ യാത്രക്കാരും നാട്ടുകാരുമൊക്കെ വലയുമെന്നും പലരും കൂട്ടിച്ചേര്‍ത്തു.