ജോലി വാഗ്ദാനം ചെയ്ത് രണ്ടരക്കോടി രൂപ തട്ടിയെടുത്ത അഞ്ചുപേര്‍ അറസ്റ്റില്‍
1580738
Saturday, August 2, 2025 6:39 AM IST
വെഞ്ഞാറമൂട്: വിഎസ്എസ്സിയില് ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി രണ്ടരക്കോടിയിലധികം രൂപ തട്ടിയെടുത്ത കേസില്‍ അഞ്ച് പേര് അറസ്റ്റില്‍. പോത്തന്‍കോട് പൂലന്തറ വീട്ടില്‍ റംസി(35), ഇവരുടെ ഭര്‍ത്താവ് ഓച്ചിറ മേമന അജ്മല്‍ മന്‍സിലില്‍ അജ്മല്‍(29), തിരുനെല്‍വേലി സീലാത്തിക്കുളം ഭജനമഠം തെരുവില്‍ മുരുകേശന്(59), ആറ്റിങ്ങല്‍ കാട്ടുമ്പുറം കടുവയില്‍ രോഹിണി നിവാസില്‍ വിഷ്ണു രാജ്(33), ആറ്റിങ്ങല്‍ അവനവഞ്ചേരി വിളയില്‍ വീട്ടില്‍ സുരേഷ് ബാബു(50) എന്നിവയാണ് അറസ്റ്റിലായത്.
വെഞ്ഞാറമൂട് സ്വദേശിയായ അജ്ഞലി എന്ന യുവതി നല്കിയ പരാതിലാണ് നടപടി. ഇവരുടെ ഭര്‍ത്താവിന്റെ സുഹൃത്തായ പോത്തന്‍കോട് സ്വദേശി ശ്യാം എന്നയാളാണ് റംസിയെ പരിചയപ്പെടുത്തുന്നത്.
തുടര്‍ന്ന് ഐഎസ്ആർഒയില്‍ മെക്കാനിക്കല്‍ എന്‍ജിനിയറാണ് താനെന്നും ഒന്‍പത് ലക്ഷം രൂപ നല്കിയാല് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ജോലി തരപ്പെടുത്തി നല്‍കാമെന്ന് പറയുകയായിരുന്നു. ഇത് വിശ്വസിച്ച് അജ്ഞലി ആദ്യ ഗഡുവായി രണ്ട് ലക്ഷം രൂപ നല്‍കുകയും ബാക്കി പണം പല ഗഡുക്കളായി റംസിയുടെ അക്കൗണ്ടിലേക്ക് അയക്കുകയും ചെയ്തു.
ഇതിതിനിടെ ഇതേ സംഘം തമിഴ് നാട്ടില്‍ നിന്നും ഇത്തരത്തില്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ട് കോടി രൂപയോളം തട്ടിയെടുത്തുവെന്ന വാര്‍ത്ത പത്രങ്ങളില്‍ വരുന്നത്. ഇതോടെയാണ് കബളിക്കപ്പെട്ടു എന്ന് മനസിലാക്കി അജ്ഞലി വെഞ്ഞാറമൂട പോലീസില്‍ പരാതി നല്‍കിയത്.
വ്യാജ നിയമന ഉത്തരവുകള്‍, വിഎസ്എസ്സി ഐഡി കാര്‍ഡുകള്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ വ്യാജ സീലുകള്‍, നിരവധി സിം കാര്‍ഡുകള്‍, ലാപ് ടോപ്പ് എന്നിവ പ്രതികളില്‍നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
നാലും അഞ്ചും പ്രതികളായ വിഷ്ണുരാജ്, സുരേഷ് ബാബു, എന്നിവരാണ് വ്യാജ സീലുകളും നിയമന ഉത്തരവുകളും തരപ്പെടുത്തുന്നത്. വട്ടപ്പാറ, ആറ്റിങ്ങള്‍ പോലീസ് സ്റ്റേഷനുകളില്‍ പ്രതികള്‍ക്കെതിരെ കേസകളുണ്ടന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.