ടെക്നോസിറ്റിക്കു സമീപം ആനത്താഴ്ചിറ വിനോദസഞ്ചാര കേന്ദ്രമാകുന്നു
1583524
Wednesday, August 13, 2025 7:05 AM IST
തിരുവനന്തപുരം: ടെക്സിറ്റിയായി വികസിക്കുന്ന തലസ്ഥാനത്ത് പുതിയ വിനോദസഞ്ചാര കേന്ദ്രം ഒരുങ്ങുന്നു. ടെക്നോസിറ്റിക്കു സമീപം നഗരാതിർത്തിയോട് ചേർന്ന് ആണ്ടൂർക്കോണം ആനത്താഴ്ചിറയിലെ 16.7 ഏക്കർ ഭൂമിയിലാണു വിനോദസഞ്ചാര കേന്ദ്രം വരുന്നത്. പദ്ധതിയുടെ ഭാഗമായി ആനത്താഴ്ചിറയുടെ ഭൂരേഖകൾ ഇന്നു വൈകുന്നേരം ആറിന് ആനത്താഴ്ചിറ മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ റവന്യൂ മന്ത്രി കെ. രാജൻ, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനു കൈമാറും. മന്ത്രി ജി ആർ. അനിൽ അധ്യക്ഷനാകും. റവന്യൂ, പഞ്ചായത്ത് വകുപ്പുകളുടെ കൈവശമുള്ള ഭൂമിയാണ് പദ്ധതിയ്ക്കായി ടൂറിസം വകുപ്പിന് അനുവദിച്ചത്.
"നൈറ്റ് ലൈഫ്' ഉൾപ്പെടെയുള്ള നൂനത ടൂറിസം പദ്ധതികൾ ആനത്താഴ്ചിറയെ ആകർഷകമാക്കും. പൊതുസ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായുള്ള താത്പര്യപത്രം സെപ്റ്റംബർ ആദ്യവാരത്തോടെ ക്ഷണിക്കും.
ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ മന്ത്രി ജി.ആർ. അനിലിന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
കേരള സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിലുള്ള രാജ്യത്തെ ആദ്യ ഫ്രീഡം പാർക്കും ഇവിടെ സജ്ജമാക്കും. പുത്തൻ ഇന്നൊവേഷനുകളുടെ പ്രദർശനമടക്കമുള്ളവ ഇതിന്റെ ഭാഗമായുണ്ടാകും.ജലാധിഷ്ഠിത സാഹസിക വിനോദസഞ്ചാര പ്രവർത്തനങ്ങൾ, കുട്ടികൾക്കായി പരിസ്ഥിതി സൗഹൃദപാർക്ക്, സൈക്കിൾ സവാരിക്കായി പ്രത്യേക സംവിധാനം എന്നിങ്ങനെ പരിസ്ഥിതിയുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്കു കോട്ടം തട്ടാതെയുള്ള പദ്ധതികൾക്കാണ് മുൻഗണന.