മലയോര ഗ്രാമങ്ങളുടെ കുടിവെള്ള പ്രശ്നത്തിനു പരിഹാരമാകുന്നു
1584127
Friday, August 15, 2025 7:08 AM IST
കീഴാറൂർ: മലയോര ഗ്രാമങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് ഒടുവിൽ പരിഹാരമാകുന്നു . തദ്ദേശീയരുടെ സ്വപ്ന പദ്ധതിയായ കിഴക്കൻ മല കുടിവെള്ള പദ്ധതി ഉടൻ ഉദ്ഘാടനം ചെയ്യും. ആര്യൻകോട് - പെരുങ്കടവിള പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 45 കോടി രൂപ അടങ്കലിൽ അനുവദിച്ച കിഴക്കൻമല കുടിവെള്ള പദ്ധതിയുടെ അവസാന മിനുക്കു പണികൾ നടന്നുവരികയാണ്.
നെയ്യാറിലെ മൂന്നാറ്റുമുക്കില്നിന്നു വെള്ളം പമ്പുചെയ്ത് ആര്യന്‍കോട് പഞ്ചായത്തിലെ കിഴക്കന്മലയില് ജലശുദ്ധീകരണശാല നിര്‍മിച്ചു സംഭരണികള്‍ വഴി ആര്യൻകോട് പെരുങ്കടവിള പഞ്ചായത്തുകളിലെ വിവിധസ്ഥലങ്ങളിലേക്ക് എത്തിക്കുന്ന തരത്തിലാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്.
ശുദ്ധീകരണ ശാലയും അനുബന്ധഘടകങ്ങളും , ഓവർഹെഡ് ടാങ്കുകൾ, ട്രാന്സ്മിഷന് മെയിൻ, ഡിസ്ട്രിബ്യൂഷൻ ലൈനുകൾ, സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ പൂർത്തിയാക്കി കഴിഞ്ഞു. വൈകാതെ പദ്ധതി കമ്മീഷൻ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. ഇതോടെ കുടിവെള്ളം ഇനി വീടുകളിൽ എത്തും.