കണ്ണമ്മൂല ഐക്യവൈദിക സെമിനാരിയിൽ ത്രിദിന മാധ്യമ ശിൽപശാല 18 മുതൽ
1584124
Friday, August 15, 2025 7:08 AM IST
തിരുവനന്തപുരം: കണ്ണമ്മൂല ഐക്യവൈദിക സെമിനാരിയിൽ ത്രിദിന മാധ്യമ ശിൽപശാല 18 മുതൽ നടക്കും. റവ. ഡോ. ജേക്കബ് വർഗീസ് സെന്റർ ഫോർ ബിബ്ലിക്കൽ സ്റ്റഡീസ് (കെയുടിഎസ്), യുണൈറ്റഡ് വിമൻ ഇൻ ഫെയ്ത്ത് (യുഎസ്എ), ഇൻഡ്യൻ സൊസൈറ്റി ഫോർ പ്രമോട്ടിംഗ് ക്രിസ്ത്യൻ നോളജ് (ഐഎസ്പിസികെ) എന്നീ സംഘടനകൾ സംയുക്തമായാണു മാധ്യമ ശിൽപശാല സംഘടിപ്പിക്കുന്നത്. സെമിനാരി പ്രിൻസിപ്പൽ റവ. ഡോ. സി.ഐ. ഡേവിഡ് ജോയിയുടെ അധ്യക്ഷതയിൽ നടക്കുന്ന ശിൽപശാല സെമിനാരി കൗൺസിൽ പ്രസിഡന്റ് റവ. ഡോ. റോയിസ് മനോജ് വിക്ടർ ഉദ്ഘാടനം ചെയ്യും.
ഐഎസ്പിസികെ അസോസിയേറ്റ് ജനറൽ സെക്രട്ടറി ഡോ. യെല്ലാ സോണ വെയ്ൻ, ഡോ. സുധീർ വർഗീസ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ റവ. ഡോ. സാന്റി എസ്. പോൾ എന്നിവർ പ്രസംഗി ക്കും. സെമിനാരി അക്കാഡമിക് ബ്ലോക്കിലെ പുതിയ കെട്ടിടത്തിന്റെ പ്രതിഷ്ഠയും കൊല്ലം-കൊട്ടാരക്കര മഹായിടവക നവാഭിഷിക്ത ബിഷപ്പ് റവ. ജോസ് ജോർജിനുള്ള സ്വീകരണവും നടക്കും.
സിഎസ്ഐ ദക്ഷിണ കേരള മഹായിടവക ബിഷപ് ഇൻ ചാർജും മോഡറേറ്റർ കമ്മിസറിയുമായ റവ. തിമോത്തി രവീന്ദർ പങ്കെടുക്കും. തുടർന്നുള്ള ദിവസങ്ങളിലെ ശിൽപശാലയ്ക്ക് യുണൈറ്റഡ് വിമൺ ഇൻ ഫെയ്ത്ത് കമ്മ്യൂണിക്കേഷൻ ഡയറക്ടർ പ്രവീണ ബാലസുന്ദരം നേതൃത്വം നൽകും. ശിൽപശാല 20നു സമാപിക്കും.