പൊന്മുടി സ്കൂൾ റോഡ് തകർന്നു
1583541
Wednesday, August 13, 2025 7:05 AM IST
വിതുര : പൊന്മുടി കമ്പിമൂട് ജംഗ്ഷനിൽ നിന്നും ഗവ: യുപിഎസിലേക്കുള്ള റോഡ് തകർന്നു. ടാറിളകി മാറി വലിയ കുഴികളുമായി റോഡ് നാട്ടുകാരെയും സഞ്ചാരികളെയും വട്ടം ചുറ്റിക്കുന്നു. കുട്ടികളെ സംബന്ധിച്ച് സ്കൂളിലേക്കുള്ള യാത്ര വളരെ ബുദ്ധിമുട്ടാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ പൊന്മുടിയിലെ സ്കൂളായിട്ട് കൂടിയാണ് ഈ അവസ്ഥ.
ഒത്തിരിയേറെ വിനോദ സഞ്ചരികളാണ് ഇവിടെയും സ്കൂളിന്റെ പരിസരത്തും സന്ദർശകരായി ദിവസവും എത്തുന്നത്. കമ്പിമൂട് ജംഗ്ഷനിൽ നിന്നും താഴേക്ക് സ്കൂളിലേക്ക് പോകുന്ന റോഡിന്റെ സ്ഥിതി തീർത്തും മോശമാണ്. സ്കൂൾ വാഹനത്തിൽ പോലും പോകാൻ കഴിയാത്ത അവസ്ഥയാണ്.
തേയിലത്തോട്ടങ്ങളിലെ തൊഴിലാളി കുടുംബങ്ങളും ഈ റോഡ് ഉപയോഗിക്കുന്നു. റോഡിന്റെ ഈ അവസ്ഥ കാരണം സമയത്തിന് പ്രധാന റോഡിലെത്തി ബസ് കയറി മറ്റു സ്ഥലങ്ങളിലേക്കു പോകുന്നതും ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്. പുലി ഉൾപ്പെടെയുള്ള വന്യജീവികൾ പരിസരത്തെ കാടുകളിൽ ഉള്ളതിനാൽ നടന്നു പോകാനും കഴിയാത്ത അവസ്ഥയാണ് . എത്രയും വേഗം ഈ റോഡിന്റെ ദുരവസ്ഥയ്ക്കു പരിഹാരം കണ്ട് സുരക്ഷിത യാത്ര ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.