സാഫല്യം കോംപ്ലക്സിലെ സ്കൂട്ടര്‍ മോഷ്ടാവ് പിടിയില്‍
1583540
Wednesday, August 13, 2025 7:05 AM IST
പേരൂര്‍ക്കട: പാളയം സാഫല്യം കോംപ്ലക്സില്‍നിന്നു സ്കൂട്ടര്‍ മോഷ്ടിച്ചയാളെ ഫോര്‍ട്ട് പോലീസ് പിടികൂടി കന്റോണ്‍മെന്റ് പോലീസിന് കൈമാറി. കഠിനംകുളം പെരുമാതുറ തടിമില്ലിനു സമീപം പണയില്‍ വീട്ടില്‍ ഷെഹിന് (35) ആണ് പിടിയിലായത്.
ഈമാസം ഒമ്പതിന് രാത്രി 10 മണിയോടുകൂടിയാണ് പാര്‍ക്കിംഗ് ഏരിയയില്‍ വച്ചിരുന്ന ഹോണ്ട ആക്ടീവ സ്കൂട്ടര്‍ മോഷണം പോയത്. വീരണകാവ് പാറമുകള്‍ കുറക്കോണം മധു ഭവനില്‍ മഹേഷ്കുമാറിന്റെ ഭാര്യ ഉഷയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു സ്കൂട്ടര്‍. മഹേഷ് സാഫല്യം കോംപ്ലക്സിനുള്ളില്‍ വാഹനം പാര്‍ക്ക് ചെയ്തിരുന്നു.
രാവിലെ സ്കൂട്ടര്‍ എടുക്കാന്‍ ചെന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനിടെ ഫോര്‍ട്ട് പോലീസിന്റെ വാഹനപരിശോധനയ്ക്കിടെ ഷെഹിന് കുടുങ്ങുകയായിരുന്നു. തുടര്‍ന്നു നടന്ന ചോദ്യം ചെയ്യലിലാണ് ആക്ടീവ മോഷ്ടിച്ചത് ഷെഹിന് ആണെന്നു തെളിഞ്ഞത്. പ്രതിക്കെതിരേ മ്യൂസിയം, വഞ്ചിയൂര്‍, ഫോ ര്‍ട്ട്, കന്റോണ്‍മെന്റ് സ്റ്റേഷനുകളില്‍ സമാനമായ മോഷണക്കേസുകളുണ്ട്. പ്രതിയെ തൊണ്ടിമുതല്‍ ഉള്‍പ്പെടെയാണ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.