മരണക്കെണിയായി ദേശീയപാത: അനങ്ങാപ്പാറയായി അധികൃതർ
1583542
Wednesday, August 13, 2025 7:05 AM IST
വിഴിഞ്ഞം: കോവളം-കാരോട് ബൈപ്പാസ്, ദേശീയപാത അധികൃതർ ജനങ്ങൾക്കായി തീർത്ത മരണക്കെണിയാകുന്നു. നിരവധി ജീവനുകൾ ഇതിനകം പൊലിഞ്ഞെങ്കിലും അധികൃതർ അനങ്ങാപ്പാറ നയം തുടരുകയാ ണെന്ന ആരോപണവും ശക്തം.
കഴിഞ്ഞ ഒരു മാസത്തിനിടയിൽ പത്തോളം പേർക്കു ജീവൻ നഷ്ടമാവുകയും ഇരട്ടിയിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അധികൃതർ പറയുന്നു. കഴിഞ്ഞ ദിവസം തിരുപുറം കല്ലൂവെട്ടാൻ കുഴിയിൽ ടിപ്പറിനടിയിൽപ്പെട്ടു യുവാവ് മരിച്ചതും വിഴിഞ്ഞം പയറുംമൂട്ടിൽ ലോറിക്കു പിന്നിൽ ഇടിച്ച ബൈക്കു നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ചു യുവാവ് മരിച്ചതുമാണ് അവസാനമുണ്ടായത്. കഴിഞ്ഞ ദിവസംകോവളത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ കാറിടിച്ച് വീട്ടമ്മക്ക് പരിക്കേറ്റതുൾപ്പെടെ നിരവധി അപകടങ്ങൾ വേറെയും. അപകടങ്ങൾ കണ്ടു മടുത്ത നാട്ടുകാർ മാസ് പെറ്റിഷൻ വരെ നൽകിയതായാണറിവ്.
റോഡിന്റെ നിർമാണപ്പിഴവിനെതിരേ പ്രതിഷേധവുമായി രംഗത്തു വരുന്ന നാട്ടുകാരെ കേസിൽ കുടുക്കുമെന്നു പറഞ്ഞു പിന്തിരിപ്പിക്കുന്ന അധികൃതർ അപാകത പരിഹരിക്കാനും തയാറല്ല. കോവളം മുതൽ കാരോട് വരെയുള്ള 20 കിലോമീറ്ററോളം നീളുന്ന റോഡ് കടന്നുപോകുന്നത് ആറു പോലീസ് സ്റ്റേഷൻ പരിധിയിലൂടെയാണ്. പൂവാർ സ്റ്റേഷൻ പരിധിയിൽ മാത്രം ഒരു മാസത്തിനുള്ളിൽ ജീവൻ നഷ്ടമായത് മൂന്നു പേർക്കായിരുന്നു.
കോവളം, വിഴിഞ്ഞം, കാഞ്ഞിരംകുളം, പൊഴിയൂർ, പാറശാല സ്റ്റേഷൻ പരിധിയാലും ജീവൻ നഷ്ടമായവരുടെയും പരിക്കേ വരുടെയും കണക്കുകൾ വേറെയുമുണ്ട്. നിർമാണം പൂർത്തിയാക്കിയെന്ന് അവകാശപ്പെട്ടു തുറന്നു നൽകിയ ബൈപ്പാഡിന്റെ ബലത്തെക്കുറിച്ചുപോലും സംശയമുയിരുന്നു. വാഹനങ്ങൾ ഓടി വർഷങ്ങൾക്കുള്ളിൽ അങ്ങിങ്ങു വ്യാപകമായി പൊട്ടിപ്പൊളിഞ്ഞ ബൈപ്പാസിലെ അറ്റകുറ്റപ്പണികളും തകൃതിയായി തുടരുന്നുണ്ട്.
കാര്യമായ മുന്നറിയിപ്പു സംവിധാനങ്ങൾ ഇല്ലാതെ ഏറെ തിരക്കുള്ള റോഡ് അടച്ചു ദിവസങ്ങൾ നീണ്ടുനിൽക്കുന്ന അറ്റകുറ്റപ്പണികളും അപകടം ക്ഷണിച്ചു വരുത്തുന്നതിനു കാരണമാകുന്നുണ്ട്. ഇതിനെതിരേ പോലിസിന്റെ സ്പെഷൽ ബ്രാഞ്ചും ബന്ധപ്പെട്ടവർക്കു നിരവധി മുന്നറിയിപ്പ് റിപ്പോർട്ടുകൾ നൽകിയതായും അറിയുന്നു. ഇതിനൊന്നിനും നാളിതുവരെ പരിഹാരമുണ്ടായില്ല. ചതുപ്പു നിലങ്ങൾ നികത്തിയും കുന്നുകൾ ഇടിച്ചു നിരത്തിയും മണ്ണിട്ടു പൊക്കിയും ഒരു റോഡ് നിർമിച്ചു എന്നതു മാത്രമാണ് ആകെ നടന്നത്. ഉദ്ഘാടനത്തിനുപോലും നിൽക്കാതെ അധികൃതർ ഗതാതത്തിനു റോഡ് തുറന്നുകൊടുത്ത ശേഷം തിരിഞ്ഞുനോക്കിയില്ലെന്നും നാട്ടുകാർ പറയുന്നു.
ബൈപ്പാസിന്റെ അശാസ് ത്രീയ നിർമാണവും അടിസ്ഥാ ന കാര്യങ്ങളുടെ അപര്യാപ്തതയും, മുന്നറിയിപ്പ് സംവിധാനങ്ങൾ ഇല്ലാത്തതും, തെരുവ് വിളക്കുകളും, സിഗ്നൽ സ്റ്റേഷനുകൾ ഇല്ലാത്തതുമെല്ലാം യാത്രക്കാർക്ക് വിനയാണെന്ന് വ്യാപക പരാതി ഉയരുമ്പോഴും അധികൃതരുടെ മെല്ലെപ്പോക്ക് തുടരുന്നത്.
സ്വന്തം ലേഖകൻ