നെയ്യാറിലെ പുലി ചത്തസംഭവം : കർഷകനെ കുടുക്കാൻ നീക്കം: കേസെടുത്ത് വനംവകുപ്പ്
1583871
Thursday, August 14, 2025 6:47 AM IST
നെയ്യാർഡാം: അമ്പൂരിയിൽ പുലി ചത്ത സംഭവത്തിൽ കേസെടുത്ത് വനംവകുപ്പ്. കെണിവച്ചതിനാണ് നെയ്യാർ അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ കുറ്റകൃത്യം ചുമത്തി കേസെടുത്തത്തി രിക്കുന്നത്. ഇത് പ്രാഥമിക നടപടിയാണെന്നും ആരെയും പ്രതിചേർത്തിട്ടില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
കെണിവയ്ക്കാനുള്ള സാഹചര്യം ഉൾപ്പടെ പരിശോധിക്കും. പുലിയെ കണ്ടെത്തിയ കൃഷിയിടത്തിൽ വനം വകുപ്പ് പരിശോധന നടത്തുന്നുണ്ട്. അമ്പൂരി തൊടുമല കാരിക്കുഴി കോഴിക്കണ്ടം മലയുടെ അടിവാരത്ത് ടി. ഷൈജുവിന്റെ പുരയിടത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണു മൂന്നര വയസുള്ള പെൺ പുലിയെ കണ്ടെത്തിയത്.
മയക്കുവെടിവച്ചശേഷം നെയ്യാർ ലയൺ സഫാരി പാർക്കിൽ നിരീക്ഷണത്തിലായിരുന്ന പുലി പിറ്റേന്നു രാവിലെ ചത്തു. പതിനെട്ട് മണിക്കൂറിലേറെ പുലി കെണിയിൽ കുരുങ്ങിക്കിടന്നെന്നാണ് നിഗമനം. രണ്ടു വാരിയെല്ലുകൾ ഒടിഞ്ഞു കമ്പി തറച്ച നിലയിലായിരുന്നു പുലിയെ കണ്ടത്. വൃക്ക, കരൾ എന്നിവയ്ക്ക് സാരമായ മുറിവേറ്റിരുന്നു. ഉദര ഭാഗത്തായിരുന്നു കൂടുതൽ പരുക്ക്. പുലിയുടെ ആന്തരികാവയവങ്ങൾ രാസ പരിശോധനാ ലാബിലേക്ക് മാറ്റാനായിരുന്നു തീരുമാനം.
ജില്ലയിൽ പിടികൂടുന്ന വന്യമൃഗങ്ങൾ നിരീക്ഷണത്തിലിരിക്കെ ചാവുന്നത് ഇതാദ്യമല്ല. കഴിഞ്ഞ ഒക്ടോബറിലായിരുന്നു വിതുര മാങ്കാലയിലെ റബർ തോട്ടത്തിൽ കിണറ്റിൽവീണ കാട്ടുപോത്ത് ചികിത്സ നൽകുന്നതിനിടെ ചത്തത്. 2023 ഏപ്രിലിൽ വെള്ളനാട് കണ്ണംമ്പള്ളി കുറിഞ്ചിലക്കോടി കിണറ്റിൽവീണ കരടിയെ മയക്കുവെടിവച്ചു വലയിൽ കെട്ടി കയറ്റവെ താഴെ വീണ് മുങ്ങിച്ചത്തിരുന്നു.
2017 ൽ ബോണക്കാട് കണ്ടെത്തിയ കുട്ടിയാനയും ചരിഞ്ഞിരുന്നു. പുലി ചത്തതിനു പിന്നാലെ വിശദമായ അന്വേഷണത്തിനാണ് വനംവകുപ്പ് തീരുമാനം.