ലോക ഗജദിനാചരണം; സഹ്യന്റെ മക്കൾക്ക് വിരുന്നൂട്ടി വനപലാകർ
1583543
Wednesday, August 13, 2025 7:05 AM IST
കോട്ടൂർ: സഹ്യന്റെ മക്കൾക്ക് ഗജദിനത്തിൽ ആനയൂട്ട്. ആന മുത്തച്ഛൻ മുതൽ നാലര വയസുകാരി കുട്ടിയാനയ്ക്കുവരെ കാപ്പുകാട് ആനപുനരധിവാസകേന്ദ്രത്തിലെ ഊട്ടുനടത്തി. വാഴത്തടയിൽ കുരുത്തോല കൊണ്ട് അലങ്കരിച്ച് പരമ്പരാഗത വിളക്ക് ഒരുക്കി തിരി തെളിച്ചായിരുന്നു തുടക്കം. കൂടെ കൗതുകത്തോടെ വിദ്യാർഥികളും.
ഏഷ്യയിലെ തന്നെ ഏറ്റവും പ്രായം ഉള്ള ആന മുത്തച്ഛൻ സോമനിൽനിന്നും തുടക്കം. തുടർന്നു കുട്ടിയാനകളെ പാർപ്പിച്ചിരിക്കുന്ന കേജുകളിലെത്തി ഭക്ഷണം നൽകൽ. ശർക്കരയും ചോറും ചേർത്ത ഉരുളയ്ക്കൊപ്പം ചക്ക, ഏത്തപ്പഴം, തണീർ മത്തൻ, വെള്ളരി എന്നിവയും നൽകി.
ആനയൂട്ട് കാണാനായി എത്തിയ വിദ്യാർഥികൾക്ക് ഇതു കൗതുകക്കാഴ്ചയായി. ഇവരും ആനകൾക്കു ഭക്ഷണം നൽകി. ആനയെ അടുത്തറിഞ്ഞതിന്റെ അത്ഭുതത്തിലും ആശ്ചര്യത്തിലും ആയിരുന്നു വിദ്യാർഥികൾ. ലോക ഗജദിനവുമായി ബന്ധപ്പെട്ടു സ്കൂൾ കുട്ടികളുടെ റാലി, വനവും വന്യജീവികളുമായി ബന്ധപ്പെട്ട ഫോട്ടോപ്രദർശനം, പഠനക്ലാസ് തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. അഗസ്ത്യവനം കൺസർവേറ്റർ ശ്യാം മോഹൻലാൽ ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡൻ വിനോദ് മുഖ്യപ്രഭാഷണം നടത്തി. എബിപി ഡെപ്യൂട്ടി വാർഡൻ അനീഷ് സ്വാഗതവും ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ഷിജു നായർ നന്ദിയും പറഞ്ഞു. കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് എ. മണികണ്ഠൻ, നെട്ടുകാൽത്തേരി തുറന്ന റെയിൽ സൂപ്രണ്ട് സജീവ്, വാർഡ് മെമ്പർമാരായ കോട്ടൂർ നിസാർ, ശ്രീദേവി സുരേഷ് തുടങ്ങിവരും വിവിധ സന്നദ്ധ സംഘടന പ്രതിനിധികളും വിവിധ സ്കൂളുകളിൽ നിന്നായി 300 ഓളം വിദ്യാർഥികളും പങ്കെടുത്തു.