ഓടിക്കാൻ ശ്രമിക്കുന്നതിനിടെ വാഹനവും യാത്രികനും കിണറ്റിലേക്കു പതിച്ചു
1583530
Wednesday, August 13, 2025 7:05 AM IST
വിഴിഞ്ഞം: നിർത്തിയിരുന്ന സ്കൂട്ടർ സ്റ്റാർട്ടാക്കി ഓടിക്കാൻ ശ്രമിക്കുന്നതിനിടയിൽ വാഹനവും യാത്രികനും ഉപയോഗശൂന്യമായ കിണറ്റിൽ പതിച്ചു.
ഫയർഫോഴ്സെത്തി വാഹനത്തെയും ആളിനെയും പുറത്തെടുത്തു. ഇന്നലെ വൈകുന്നേരം ആറോടെ കോവളം ഹൗവ്വാബീച്ചിനു സമീപമായിരുന്നു സംഭവം. വെങ്ങാനൂർ ചാവടിനട നെല്ലിവിള വിജയവിലാസത്തിൽ ചന്ദ്രനാണ് അപകടത്തിൽപ്പെട്ടത്.
കോവളം കാണാനെത്തിയ ഇയാൾ സമീപത്ത് അടച്ചിട്ടിരുന്ന ഹോട്ടലിനു മുന്നിൽ സ്കൂട്ടർ നിർത്തിയശേഷം ബീച്ചിലേക്ക് പോയിരുന്നു. എന്നാൽ സമീപത്ത് ഷീറ്റുകൾകൊണ്ടു മൂടിയിരുന്ന കിണർ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. തിരികെ വന്ന ചന്ദ്രൻ സ്കൂട്ടർ സ്റ്റാർട്ടാക്കി തിരിക്കുന്നതിനിടയിൽ കിണറിലേക്കു പതിച്ചു. ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാരും പോലീസും ഇയാളെ പുറത്തെടുക്കുന്നതിനുള്ള ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.
വിവരമറിഞ്ഞ് എത്തിയ വിഴിഞ്ഞം ഫയർഫോഴ്സ് അധികൃതർ ലാഡറിന്റെസഹായത്തോടെ കരയിൽ കയറ്റി. കിണറിന്റെ ആഴക്കുറവും ചപ്പു ചവറുകളും കാരണം ചന്ദ്രനു പരിക്കേൽക്കാതെ രക്ഷപ്പെടാൻ സാധിച്ചു വെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.