മുതലപ്പൊഴിയിലെ അശാസ്ത്രീയ നിർമാണം: നിരന്തര അപകട മരണം സർക്കാർ സൃഷ്ടി; സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ
1583545
Wednesday, August 13, 2025 7:05 AM IST
തിരുവനന്തപുരം: മുതലപ്പൊഴിയിലെ അശാസ്ത്രീയ നിർമാണം മൂലം തുടർച്ചയായുണ്ടാകുന്ന അപകട മരണങ്ങൾക്കു കാരണം സർക്കാർ നിർമിത ദുരന്തമാണെന്നു സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ആരോപിച്ചു.
പൊഴിമുഖത്തുനിന്നു 400 മീറ്റർ പുലിമുട്ടു നീളം കൂട്ടിയാൽ മാത്രമേ തിരമാലയുടെ ശക്തി കരയിലോട്ട് കുറയ്ക്കാനാകൂ. പൊഴിമുഖത്തെ വീതി 100 മീറ്ററാക്കണം. പുലിമുട്ടിന്റെ മധ്യഭാഗത്തെ കല്ലുകൾ എടുത്തു മാറ്റുകയും എല്ലാ ദിവസവും ഡ്രഡ്ജിംഗ് നടത്തുകയും ഡ്രഡ്ജിംഗ് ചെയ് തു കിട്ടുന്ന മണൽ തീരം നഷ്ടപ്പെടുന്ന ഭാഗത്തു നിക്ഷേപിക്കണം. അശാസ്ത്രീയ നിർമാണം തുടരുന്നതുകൊണ്ട് മാത്രമാണ് അപകടമുണ്ടാകുന്നത്.
സർക്കാരിന്റെ നയത്തിനെതിരെ ശക്തമായ പ്രതിഷേധ സമരങ്ങൾക്ക് രൂപം നൽകും. ഫെഡറേഷൻ പ്രസിഡന്റ്് പി സ്റ്റെല്ലസ് അധ്യക്ഷത വഹിച്ചു. ചീഫ്-കോർഡിനേറ്റർ ഡോ. എഫ്.എം.ലാസർ, അനിൽ ആബേൽ, പനയടിമ ജോണ്, റെജി ഇഗ്നേഷ്യസ്, ആലപ്പുഴ ശശിധരൻ, അജിത കൊല്ലംകോട്, മഡോണ വലിയ തോപ്പ്, പൂന്തുറ മണിയൻ, പുതുക്കുറിച്ചി സലീം, വർക്കല സബേശൻ, ബീമാപള്ളി സൈനബ എന്നിവർ പ്രസംഗിച്ചു.