ഒന്നരലക്ഷത്തിന്റെ ഇലക്ട്രിക് വയര്‍ മോഷ്ടിച്ചയാള്‍ അറസ്റ്റില്‍
1583868
Thursday, August 14, 2025 6:41 AM IST
പേരൂര്‍ക്കട: ഒന്നരലക്ഷം രൂപ വിലവരുന്ന ഇലക്ട്രിക് വയറുകള്‍ മോഷ്ടിച്ചു വില്‍പ്പന നടത്തിയ ഇതരസംസ്ഥാനക്കാരനെ കന്റോണ്‍മെന്റ് എ.സി. സ്റ്റ്യുവര്‍ട്ട് കീലറിന്റെ നേതൃത്വത്തില്‍ മ്യൂസിയം സിഐ വിമല്‍, എസ്ഐമാരായ വിപിന്‍, സൂരജ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റുചെയ്തു. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് മൊക്താര്‍പൂര്‍ സ്വദേശി സമീം അക്തര്‍ (23) ആണ് അറസ്റ്റിലായത്.
ജൂലൈമാസം 26ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് കേസിനാസ്പദമായ സംഭവം. കുന്നുകുഴി തമ്പുരാന്‍മുക്ക് മടവിളാകം ലെയിനില്‍ ശാരികയുടെ പുതുതായി പണിനടന്നുവരുന്ന ഇരുനില വീടിന്റെ പിറകുവശത്തായാണ് ഇലക്ട്രിക് വയറുകള്‍ സൂക്ഷിച്ചിരുന്നത്. ഇവിടെയുള്ള താല്‍ക്കാലിക ഷെഡ്ഡ് പൊളിച്ച പ്രതി ഉള്ളില്‍ക്കടന്ന് കട്ടര്‍ ഉപയോഗിച്ച് വയറുകള്‍ മോഷ്ടിച്ച് കടക്കുകയായിരുന്നു. ഇയാള്‍ ഷെഡ്ഡിനുള്ളിലേക്കും പുറത്തേക്കും പോകുന്നതായുള്ള സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
മോഷ്ടിച്ചെടുത്ത വയറുകള്‍ ചാലയിലെ ഒരു കടയില്‍ വില്‍പ്പന നടത്തിയതായി പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ചാലയില്‍ ഇതരസംസ്ഥാനക്കാര്‍ താമസിക്കുന്ന സ്ഥലത്താണ് ഇയാള്‍ കഴിഞ്ഞുവരുന്നത്.
അന്വേഷണസംഘത്തില്‍ സിപിഒമാരായ ഷൈന്‍, ദീപു, ഉദയന്‍, അനൂപ്, സാജന്, മനോജ്, അരുണ്‍, ഷംല, വൈശാഖ് എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.