ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിന്റെ നവീകരണം: പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
1584130
Friday, August 15, 2025 7:08 AM IST
പേരൂര്‍ക്കട: ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിന്റെ നവീകരണത്തിനായി ഭരണാനുമതി ലഭിച്ച 90.15 കോടി രൂപയുടെ പ്രോജക്ട് റിപ്പോര്‍ട്ട് കിഫ് ബിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചു.
മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുള്ള പ്രവൃത്തിയുടെ ആദ്യഘട്ടമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. എച്ച്എല്‍എല്‍ ഇന്‍ഫ്രാടെക് സര്‍വീസസ് ലിമിറ്റഡാണ് പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കിയത്.
ഒപി ബ്ലോക്ക്, അഡ്മിനിസ്ട്രേഷന് ബ്ലോക്ക്, ഐപി ബ്ലോക്ക്, ബിഹേവിയറല്‍ ഐസിയു, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, വൈദ്യുത സബ്സ്റ്റേഷന്, കാമ്പസിന്റെ സൗന്ദര്യവത്കരണം, ചുറ്റുമതില്‍, കാമ്പസിനുള്ളിലെ റോഡുകളുടെ നവീകരണം, അടുക്കള, പവര്‍ ലോണ്ട്രി എന്നിവയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്നത്.
ഒന്നര നൂറ്റാണ്ട് പഴക്കമുള്ള മാനസികാരോഗ്യ കേന്ദ്രത്തില്‍ നവീകരണ പ്രവൃത്തി അനിവാര്യമായ ഘട്ടത്തിലാണ് പ്രോജക്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ആശുപത്രിവികസന സമിതി അംഗങ്ങള്‍ക്കു മുന്നില്‍ പ്രോജക്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ച യോഗത്തില്‍ വി.കെ. പ്രശാന്ത് എം.എല്‍.എ, ജില്ലാ കളക്ടര്‍ അനുകുമാരി, ആശുപത്രി സൂപ്രണ്ട് ഡോ. ദിവ്യ എന്നിവര്‍ പങ്കെടുത്തു.