ബി.ടെക് വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തി പണംതട്ടിയ അഞ്ചംഗസംഘം അറസ്റ്റില്‍
1583546
Wednesday, August 13, 2025 7:05 AM IST
പേരൂര്‍ക്കട: ബി.ടെക് വിദ്യാര്‍ഥിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണവും വസ്തുവകകളും കവര്‍ന്ന അഞ്ചംഗസംഘത്തെ തമ്പാനൂര്‍ പോലീസ് പിടികൂടി. നേമം കാരയ്ക്കാമണ്ഡപം ടി.സി 53/236 ദസ്തഗീര്‍ മന്‍സിലില്‍ ദസ്തഗീര്‍ (46), കൊല്ലം എഴുകോണ്‍ പവിത്രേശ്വരം ബിജു ഭവനത്തില്‍ ബിജു (43), കൊല്ലം ഈസ്റ്റ് കല്ലട മറവൂര്‍ മുറി രാജീവ് ഭവനില്‍ രാജീവ് (42), തിരുവനന്തപുരം വള്ളക്കടവ് മഠത്തില്‍ ഹൗസില്‍ ബിജു (30), ബാലരാമപുരം റസ്സല്‍പുരം ജിത്തു ഭവനില്‍ ജിത്തു (21) എന്നിവരാണ് പിടിയിലായത്.
തിങ്കളാഴ്ച രാത്രി 10.30ന് തമ്പാനൂര്‍ എസ്.എസ്. കോവില്‍ റോഡില്‍ അയ്യപ്പക്ഷേത്രത്തിനു സമീപത്തായിരുന്നു സംഭവം. എറണാകുളം സ്വദേശിയും ബി.ടെക് വിദ്യാര്‍ഥിയുമായ 22-കാരനാണ് ആക്രമണത്തിനിരയായത്. നാട്ടില്‍നിന്നു ബസില്‍ വന്നിറങ്ങിയശേഷം ആഹാരം കഴിക്കാന്‍ എത്തിയതായിരുന്നു യുവാവ്.
പ്രതികള്‍ ചേര്‍ന്നു യുവാവിന്റെ ഷര്‍ട്ടിനു കുത്തിപ്പിടിച്ച് അസഭ്യം പറയുകയും കൈവശമിരുന്ന കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. കഴുത്തില്‍ കത്തിവച്ചശേഷം പണവും ബാഗും കവര്‍ച്ച ചെയ്തു. യുവാവിന്റെ കൈവശമുണ്ടായിരുന്ന 800 രൂപയും ഫോണ്‍ ചാര്‍ജര്‍, നിത്യോപയോഗസാധനങ്ങള്‍ എന്നിവ കവർന്ന പ്രതികള്‍ യുവാവിനന്റെ മുതുകിലും നെഞ്ചിലും ഇടിച്ചു പരിക്കേല്‍പ്പിച്ചശേഷം രക്ഷപ്പെടുകയായിരുന്നു.
പാറശാലയില്‍ സൈറ്റ് എന്‍ജിനീയറായി ജോലിചെയ്യുന്ന യുവാവ് ആഹാരം കഴിച്ചശേഷം അവിടേക്ക് പോകാനിരിക്കുകയായിരുന്നുവെന്നു പോലീസ് അറിയിച്ചു. ദസ്തഗീറിന്റെ പേരിൽ ഫോര്‍ട്ട്, വിഴിഞ്ഞം, റെയില്‍വേ, നേമം, കന്റോണ്‍മെന്റ്, നെയ്യാറ്റിന്‍കര സ്റ്റേഷനുകളില്‍ ക്രിമിനല്‍ക്കേസുകളുണ്ട്. ജിത്തുവിനെതിരേ വിവിധ സ്റ്റേഷനുകളിലായി ഏഴു കേസുകള്‍ നിലവിലുണ്ട്. യുവാവ് പോലീസില്‍ നല്കിയ പരാതിയെത്തുടര്‍ന്നു തമ്പാനൂര്‍ സിഐ ജിജുകുമാര്‍, എസ്ഐ സന്തോഷ്കുമാര്‍, സിപിഒമാരായ അരുണ്‍കുമാര്‍, ശരത്കുമാര് എന്നിവര്‍ ചേര്‍ന്ന് എസ്.എസ്. കോവില്‍ റോഡിലും പരിസരത്തും നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.