മെഡിക്കല്‍സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് : തൃശൂര്‍ സ്വദേശി പിടിയില്‍
1583861
Thursday, August 14, 2025 6:41 AM IST
പേരൂര്‍ക്കട: കേരളത്തിലെ വിവിധ കോളജുകളില്‍ മെഡിക്കല്‍സീറ്റ് വാഗ്ദാനംചെയ്ത് ലക്ഷക്കണക്കിനു രൂപ തട്ടിയ സംഭവത്തില്‍ തൃശൂര്‍ സ്വദേശിയായ യുവാവ് പിടിയില്‍. തൃശൂര്‍ കൊടകര സ്വദേശി ജിന്റോ ജോയി (33) യാണ് പിടിയിലായത്. 2024-25 കാലഘട്ടത്തിലാണ് സംഭവം. പട്ടത്ത് എജ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി നടത്തിവരുന്ന അരുണ്‍കുമാറിന്റെ പരാതിയിലായിരുന്നു അന്വേഷണം.
ഇയാളുടെ സ്ഥാപനത്തിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്ക് കേരളത്തിലെ വിവിധ കോളജുകളില്‍ മെഡിക്കല്‍സീറ്റ് വാങ്ങിനല്കാമെന്നതായിരുന്നു വാഗ്ദാനം. ഒരു ജോബ് കണ്‍സള്‍ട്ടന്‍സി മീറ്റിംഗിനിടെയാണ് അരുണ്‍കുമാറുമായി ജിന്റോ പരിചയപ്പെടുന്നത്. കോട്ടയം, തിരുവനന്തപുരം തുടങ്ങിയ വിവിധ ജില്ലകളിലെ ഉന്നതരുമായി തനിക്കു ബന്ധമുണ്ടെന്നും സീറ്റുകള്‍ തരപ്പെത്താമെന്നു വാഗ്ദാനം ചെയ് തു 12 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയത്. ഇതു വിവിധ കാലങ്ങളിലായി ബാങ്ക് അക്കൗണ്ടുകള്‍ വഴിയും നേരിട്ടുമായിരുന്നു.
മെഡിക്കല്സീറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരായുമ്പോള്‍ ഇയാള്‍ ഒഴിഞ്ഞുമാറിയതും പിന്നീട് ബന്ധമില്ലാതായതും അരുണ്‍കുമാറില്‍ സംശയമുളവാക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് താന്‍ കബളിപ്പിക്കപ്പെട്ടതായി ഇദ്ദേഹത്തിനു മനസ്സിലായത്.
പേരൂര്‍ക്കട എസ്ഐ മധുസൂദനന്, ക്രൈം എസ്ഐ അനില്‍കുമാര്‍, ജിഎസ്ഐ മനോജ്, സിപിഒ ഷെറിന് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. തൃശൂരില്‍ നിന്നു പോലീസ് സംഘം കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.