പോലീസ് ക്ലിയറിംഗ് സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ച പരാതി : അന്വേഷണം അവസാനിപ്പിച്ച് ഒരുവർഷത്തിനുശേഷം അറസ്റ്റ്
1584132
Friday, August 15, 2025 7:08 AM IST
മാറനല്ലൂർ: പോലീസ് ക്ലിയറിംഗ് സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ചെന്നു പരാതി. അന്വേഷണം അവസാനിപ്പിച്ച് ഒരുവർഷത്തിനുശേഷം ഡിജിപിയുടെ നിർദേശത്തെ തുടർന്ന് അറസ്റ്റ്. ഊരൂട്ടമ്പലത്തിൽ ബാങ്ക് ജോലിക്കായുളള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ച കേസിൽ ഊരൂട്ടമ്പലം അക്ഷയ കേന്ദ്രത്തിലെ മുൻ ജീവനക്കാരിയെയാണു അറസ്റ്റ് ചെയ്തത്.
പോലീസ് മെല്ലെപ്പോക്കു സ്വീകരിച്ച് അവസാനിപ്പിച്ച കേസിൽ ഡിജിപിയുടെ പ്രത്യേക നിർദേശ പ്രകാരമാണ് ഒരു വർഷത്തിനുശേഷം അറസ്റ്റുണ്ടായത്. തേമ്പാമുട്ടം എള്ളുവിള വീട്ടിൽ ചിഞ്ചു ദാസാ(34)ണ് അറസ്റ്റിലായത്. ഊരൂട്ടമ്പലത്തു പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രത്തിലാണ് 2023-ൽ കേസിനാസ്പദമായ സംഭവം നടന്നത്.
തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കിലെ ജോലിക്കായി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനാണ് ഊരൂട്ടമ്പലം സ്വദേശി ഡി. ഷിജിൻ അപേക്ഷ നൽകുന്നത്. തുടർന്ന് സപ്പോർട്ടിംഗ് ഡോക്യൂമെന്റ്സ് അക്ഷയയുടെ മെയിലിലേക്ക് അയച്ച് നൽകി രണ്ടു ദിവസത്തിനു ശേഷം അക്ഷയയിലെത്തിയ ഷിജിന്റെ മെയിലിലേക്കാണ് എഡിറ്റ് ചെയ്ത വ്യാജ സർട്ടിഫിക്കറ്റ് അയക്കുന്നത്.
ഇതിലേക്കായി പ്രതി ചിഞ്ചു സ്വന്തം അക്കൗണ്ടിൽ 750 രൂപ ഗൂഗിൾ പേയായി വാങ്ങുകയും ചെയ്തിരുന്നു. തുടർന്ന് ഒരു വർഷത്തിനു ശേഷമുളള ഓഡിറ്റിലാണ് ബാങ്ക് അധികൃതർ ഷിജിന്റേതു വ്യജ സർട്ടിഫിക്കറ്റാണെന്നു തിരിച്ചറിഞ്ഞത്. തുടർന്ന് ഷിജിനെതിരെ നിയമനടപടികൾ സ്വീകരിക്കാനായി ബാങ്ക് നീക്കം നടത്തുകയും പരാതി മാറനല്ലൂർ സ്റ്റേഷനിൽ നൽകുകയും ചെയ്തു. ഇതോടെ ഷിജിനും അക്ഷയ കേന്ദ്രത്തിനെതിരെ മാറനല്ലൂർ പോലീസിൽ പരാതി നൽകി. ആദ്യ ദിനങ്ങളിൽ കാര്യമായി അന്വേഷണം നടന്നെങ്കിലും പിന്നെ കേസിനെക്കുറിച്ച് വിവരങ്ങളൊന്നുമില്ലായിരുന്നു.
ആറുമാസം മുമ്പ് കേസ് ക്ലോസ് ചെയ്തതായി പോലീസിൽനിന്ന് സന്ദേശവും പരാതിക്കാരനു ലഭിച്ചു. തുടർന്നു ഡിജിപിയുടെ ഇടപെടലിലാണ് ഇപ്പോൾ അറസ്റ്റ് നടന്നത്. പ്രതി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചിരുന്നു ഇത് ലഭിച്ചിരുന്നില്ല. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാൻ നിർദേശം ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച പ്രതി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സമാനമായ രീതിയിലുളള കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെന്നുള്ള വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും ഒരുങ്ങുകയാണ് പോലീസ്. ഊരൂട്ടമ്പലത്തു പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രത്തിൽനിന്ന് പാൻ കാർഡ് ഉൾപ്പെടെ വിതരണം ചെയ്തിട്ടുള്ളതായി നേരത്തേയും പരാതിയുണ്ടായിരുന്നു. സമാനരീതിയിലുള്ള തട്ടിപ്പു കണ്ടെത്താൻ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തുമെന്നു മാറനല്ലൂർ എസ്എച്ച്ഒ ഷിബു പറഞ്ഞു.