തൊണ്ടിവാഹനങ്ങളാല്‍ വീര്‍പ്പുമുട്ടി ഫോര്‍ട്ട് സ്റ്റേഷന് : പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും ആക്ഷേപം
1583866
Thursday, August 14, 2025 6:41 AM IST
പേരൂര്‍ക്കട: തൊണ്ടിവാഹനങ്ങള്‍ കുന്നുകൂടി കിടക്കുന്നത് ഫോര്‍ട്ട് സ്റ്റേഷനില്‍ സ്ഥലദൗര്‍ലഭ്യം ഉണ്ടാക്കുന്നു. സ്റ്റേഷനു പുറത്ത് ഫുട്പാത്തിലും സ്റ്റേഷന് പരിസരത്ത് വാഹനപാര്‍ക്കിംഗ് സ്ഥലത്തുമാണ് വാഹനങ്ങള്‍ കൂടിക്കിടക്കുന്നത്. സ്റ്റേഷനു പുറത്തായി ഫുട്പാത്തില്‍ ആറ് ഓട്ടോറിക്ഷകളാണ് നിരനിരയായി കിടക്കുന്നത്.
ഇതിനു സമീപത്തായുള്ള ഒരു മിനിലോറി മുഴുവന്‍ കാടുകയറി ഫോര്‍ട്ട് സ്റ്റേഷന്റെ ബോര്‍ഡ് മറയ്ക്കുന്ന അവസ്ഥയിലെത്തിയിട്ടുണ്ട്. രാത്രികാലത്തു പരിസരത്തുകൂടി നടക്കുന്നവര്‍ കാട്ടിനുള്ളിലെ ഇഴജന്തുക്കളെയും ഭയക്കേണ്ട സ്ഥിതിയാണ്.
സ്റ്റേഷന് കോമ്പൗണ്ടിനുള്ളില്‍ ഒരു മിനിലോറി തുരുമ്പെടുത്തു കിടക്കുന്നുണ്ട്. അതിനുള്ളിലാണ് ഇരുചക്ര തൊണ്ടിവാഹനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്. ഇതു പോലീസുകാരുടെ വാഹനങ്ങളും പൊതുജനങ്ങളുടെ വാഹനങ്ങളും പാര്‍ക്ക് ചെയ്യുന്നതിനുള്ള സ്ഥലമാണ് അപഹരിച്ചിരിക്കുന്നത്. ഏകദേശം 10 ഇരുചക്ര വാഹനങ്ങള്‍ മാത്രമാണ് സ്റ്റേഷന് പരിധിയില്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നത്.
കഷ്ടിച്ചു രണ്ടു കാറുകളും. സ്റ്റേഷനിലെ രണ്ടു ജീപ്പുകള്‍ പരിസരത്ത് കൊണ്ടിട്ടുകഴിഞ്ഞാല് പിന്നെ, ഒന്നും പാര്‍ക്ക് ചെയ്യാനാകാത്ത അവസ്ഥയാണ്. ഉന്നത പോലീസ് അധികാരികള്‍ക്ക് വിഷയം റിപ്പോര്‍ട്ട് ചെയ്തിട്ടും നടപടിയെടുക്കാത്തതാണ് പ്രശ്നത്തിനു കാരണ മെന്നാണ് ആക്ഷേപം.