രാജ്യസ്നേഹികൾക്കു "ശരീരം വിട്ടുനൽകി' ജോൺ
1584125
Friday, August 15, 2025 7:08 AM IST
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം: സ്വന്തം രാജ്യത്തിന്റെ ക്ഷേമത്തിനും സേവനത്തിനും പ്രവർത്തിച്ച രാജ്യസ്നേഹികളെ കുട്ടിക്കാലം മുതൽ നെഞ്ചോട് ചേർത്തു പിടിച്ച് നടന്നു. വളർന്നപ്പോൾ രാജ്യസ്നേഹികളായ മഹാരഥൻമാരെ സ്വന്തം ശരീരത്തിൽ ടാറ്റുവാക്കി. രാജ്യസ്നേഹം കൊണ്ട് മഹാത്മാഗാന്ധി ഉൾപ്പെടെയുള്ള രാഷ്ട്രനേതാക്കളെ സ്വന്തം നെഞ്ചിലും വയറ്റിലും മുതുകിലും ചുമന്നു കൊണ്ടു നടക്കുകയാണ് വിഴിഞ്ഞം മുക്കോല സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ ജോൺ എന്ന 45കാരൻ.
കടൽപ്പണിയിൽനിന്ന് കിട്ടുന്നവരുമാനത്തിൽ നിന്ന് ഒരു ഭാഗം സ്വരുക്കൂട്ടിവച്ചുള്ള ജോണിന്റെ ടാറ്റു കുത്തൽ ആരംഭിച്ചിട്ടു മൂന്നുവർഷം പിന്നിടുന്നു. പലരുടെയും നിരുത്സാഹപ്പെടുത്തൽ വക വയ്കാതെ നാലു ദിവസം മുൻപ് നെഞ്ചിൽ ത്രിവർണപതാകയും പതിപ്പിച്ചു. ഇതുവരെയും ആരുടെ മുന്നിലും പ്രദർശിപ്പിച്ചില്ലെങ്കിലും ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 79-ാം വാർഷികമായ ഇന്നു തന്റെ രാജ്യസ്നേഹം വെളിപ്പെടുത്താനാണ് തീരുമാനം.
ഷർട്ടിടാതെ ത്രിവർണപതാകയുമേന്തി വിഴിഞ്ഞത്തുനിന്നു മുക്കോല വരെ നടക്കുകയാണ് ലക്ഷ്യമെന്ന് ജോൺ പറയുന്നു. ആറാം ക്ലാസുവരെയുള്ള പഠനത്തിനിടയിൽ മഹാന്മാരെക്കുറിച്ചു മനസിൽ പതിഞ്ഞ അറിവാണ് ടാറ്റുവിലൂടെ പ്രകടമാക്കിയത്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊക്കെ ജോണിന്റെ ശരീരത്തിലുണ്ട്. മൂന്നുവർഷം മുമ്പ് ഗാന്ധിജിയുടെ ചിത്രമാണ് ആദ്യമായി ജോൺ ഇടതു നെഞ്ചിൽ ടാറ്റൂകുത്തിയത്.
പിന്നെ ജീവിതത്തിൽ സ്വാധീനിച്ചവരെ ഒപ്പം കൂട്ടുക എന്നതായിരുന്നു ലക്ഷ്യം. തുടർന്ന് ഡോ. ബി.ആർ. അംബേദ്കറിനെ വലത്തെ കൈയിലും സുഭാഷ് ചന്ദ്രബോസിനെ ഇടത്തെ കൈയിലും ടാറ്റൂ ചെയ്തു. തമിഴ്നാട് സ്വദേശിയായ അച്ഛൻ പറഞ്ഞ കഥകളിലുടെ സുബ്രഹ്മണ്യ ഭാരതിയെക്കുറിച്ചു കേട്ടിരുന്നു. അങ്ങനെ നെഞ്ചിൽ അദ്ദേഹത്തെയും പതിച്ചു. പഹൽഗാം ഭീകരാക്രമണത്തിന് ഓപറേഷൻ സിന്ദൂറിലൂടെ മറുപടി നൽകിയ ഇന്ത്യൻ സേനയിലെ വനിതാ ഉദ്യോഗസ്ഥരായ വ്യോമികാസിംഗ്, സോഫിയാ ഖുറേഷി എന്നിവരും ടാറ്റുവായി മുതുകിലേറ്റി.
അവസാനം വയറിൽ ഏറെ ഇഷ്ടപ്പെടുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ചേർത്തുവെച്ചു ജോൺ. ഓരോരുത്തരുടെയും ചിത്രത്തിന് താഴെ പേരും ഇംഗ്ലീഷിൽ ടാറ്റൂ ചെയ്തിട്ടുണ്ട്. ചിത്രങ്ങൾ പതിച്ചതിനെക്കുറിച്ചു ചോദിച്ചാൽ ജോണിന്റെ മറുപടി 'ഇവരെല്ലാം നല്ലവർ' എന്നാണ്.
ഓരോ ദിവസവും മീൻ പിടിച്ച് കിട്ടുന്ന തുകയിൽ മിച്ചം പിടിക്കുന്ന സമ്പാദ്യമാണ് ടാറ്റു ചെയ്യാൻ ഉപയോഗിക്കുന്നത്. ഇതുവരെ ആകെ ഒരുലക്ഷത്തിൽപ്പരം രൂപ ടാറ്റൂ ചെയ്യാൻ ചെലവായി. എന്നാൽ ഈ ഹോബി കണ്ടു കളിയാക്കിയവരുംപ്രോത്സാഹിപ്പിച്ചവരുമുണ്ടെന്നു ജോൺ പറയുന്നു. വിഴിഞ്ഞത്തെ ടാറ്റു സെന്ററിലാണ് ചിത്രങ്ങൾ ടാറ്റു ചെയ്യുന്നത്. ഇതിനിടയിൽ രണ്ടു തവണ ബോധക്ഷയം വന്നുവെന്നു ജോൺ പറയുന്നു.
വേദന കാരണം അബ്ദുൽ കലാമിന്റെ ചിത്രം പൂർത്തിയാക്കാൻ ഒരുമാസമെടുത്തെങ്കിലും പിന്മാറിയില്ല. ഇത്രയും ചിത്രങ്ങൾ ടാറ്റു ചെയ്തെങ്കി ലും ശരീരം പ്രദർശിപ്പിക്കാറില്ല. ഷർട്ടു ധരിച്ചു നടക്കാറുള്ള ജോണിനോട് ഇതേക്കുറിച്ചു ചോദിച്ചാൽ പ്രദർശനത്തിന് വേണ്ടിയല്ല ഞാൻ ഇവരെ ചുമക്കുന്നതെന്നായിരിക്കും മറുപടി. എന്നാൽ നിരുത്സാഹപ്പെടുത്തുന്നവർക്കുള്ള മറുപടിയായാണ് ഇന്നത്തെ ശരീര പ്രദർശനമെന്നും ജോൺ പറയുന്നു.