പരുത്തിപ്പള്ളി ഗവ. വിഎച്ച്എസ്എസിനു പുതിയ മന്ദിരമായി
1584134
Friday, August 15, 2025 7:16 AM IST
കുറ്റിച്ചൽ: പരുത്തിപ്പള്ളി ഗവ.വി.എച്ച്എസ്എസിനു പുതിയ മന്ദിരമായി. കിഫ്ബി-കില ഫണ്ടിൽ നിന്നും 3.90 കോടി രൂപ ചെലവഴിച്ച് നിർമിച്ച പുതിയ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ചടങ്ങിൽ ജി. സ്റ്റീഫൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
പൊതു വിദ്യാഭ്യാസ രംഗത്ത് വൻ വിപ്ലവമാണ് നടക്കുന്നതെന്നും പുതിയ കാലഘട്ടത്തിന്റെ മാറ്റത്തിന് അനുസരിച്ചു വിദ്യാഭ്യാസ മേഖല പരിഷ്കരണത്തിന്റെ പാതയിലാണെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഉദ്ഘാടനം ചെയ്ത ബഹുനില മന്ദിരത്തിന്റെ ഗ്രൗണ്ട് ഫ്ലോറിൽ മൂന്നു ക്ലാസ് മുറികളും, സ്റ്റാഫ് റൂം, കെമിസ്ട്രി ലാബ്, ആൺകുട്ടികൾക്കും, സ്റ്റാഫുകൾക്കും, ഭിന്നശേഷിക്കാർക്കും ഉള്ള ടോയ്ലറ്റ് സംവിധാനം എന്നിവയും ഫസ്റ്റ് ഫ്ലോറിൽ നാലു ക്ലാസ് മുറിയും, പെൺകുട്ടികൾക്കുള്ള ടോയ്ലറ്റ് സംവിധാനവും, സെക്കന്റ് ഫ്ലോറിൽ രണ്ടു ലാബ്, ആൺകുട്ടികൾക്കുള്ള ടോയ്ലറ്റ് സംവിധാനം എന്നിവയുമാണ് കെട്ടിടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത് .
കെട്ടിടത്തിന് ആവശ്യമായ കോണിപ്പടി സൗകര്യവും, റാമ്പ്, ലിഫ്റ്റ് ഉൾപ്പെടുത്താനുള്ള സൗകര്യം, ഇലക്ട്രിഫിക്കേഷൻ, ഫയർ ടാങ്ക് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി നേതാക്കൾ, ഉദ്യോഗസ്ഥ പ്രതിനിധികൾ, രക്ഷിതാക്കൾ, തുടങ്ങിയവർ പങ്കെടുത്തു.