ജവഹർ നഗർ വസ്തു തട്ടിപ്പ്: സെയ്ദാലി റിമാന്‍ഡില്‍
1583865
Thursday, August 14, 2025 6:41 AM IST
പേരൂര്‍ക്കട: കവടിയാര്‍ ജവഹര്‍ നഗറിലെ വസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് മ്യൂസിയം പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ സെയ്ദാലിയെ തെളിവെടുപ്പു പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. രണ്ടുദിവസമായിരുന്നു കസ്റ്റഡി കാലാവധി. നിലവില്‍ വസ്തു തട്ടിപ്പ് കേസിലെ പ്രധാന പ്രതി അനന്തപുരി മണികണ്ഠന്റെ ഉറ്റ സുഹൃത്താണ് ഇയാള്‍. മണികണ്ഠനു കൊല്ലം സ്വദേശിനിയായ മെറിന് ജേക്കബിനെ പരിചയപ്പെടുത്തി കൊടുത്തത് സെയ്ദാലിയാണ്.
ഇയാളുടെ ഭാര്യ നടത്തിവന്നിരുന്ന വി ഗ്രോ ഫോറസ്റ്റ് എന്ന ഫൗണ്ടേഷന്റെ ട്രസ്റ്റി മെമ്പറായിരുന്നു മെറിന്. ഡോറ അസറിയ ക്രിപ്സിന്റെ പത്തുകോടിയിലേറെ രൂപ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കുന്നതിന് ഡോറയുടെ വളര്‍ത്തു പുത്രി എന്ന രീതിയില്‍ അവതരിപ്പിച്ചത് മെറിന് ജേക്കബിനെയാണ്.
കള്ള ആധാരം രജിസ്റ്റര്‍ ചെയ്തു എന്ന് പറയുന്ന 2025 ജനുവരി 17ന് സെയ്ദാലിയുടെ കാറിലാണു മെറിന് ജേക്കബിനെ ശാസ്തമംഗലത്തെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ എത്തിക്കുന്നതും തിരികെ കൊണ്ടുവിടുന്നതും. സബ് രജിസ്ട്രാര്‍ ഓഫീസിലും മണികണ്ഠന്റെ ആധാരം എഴുത്ത് ഓഫീസിലും പോലീസ് സെയ്ദാലിയെ തെളിവെടുപ്പിന് എത്തിച്ചിരുന്നു.