വസ്തുതട്ടിപ്പ് കേസ്: സൂത്രധാരൻ അനില്‍തമ്പി ഡല്‍ഹിയില്‍നിന്നു മുങ്ങി
1584126
Friday, August 15, 2025 7:08 AM IST
വമ്പന്‍സ്രാവിനെ പിടികൂടുക ശ്രമകരമാകും
പേരൂര്‍ക്കട: ജവഹര്‍ നഗറിലെ വസ്തുതട്ടിപ്പ് കേസിലെ പ്രധാന പ്രതി അനില്‍ തമ്പി അന്വേഷണസംഘത്തെ വെട്ടിച്ച് രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍നിന്നു മുങ്ങി. പിടികൂടുമെന്ന ഘട്ടമെത്തിയ സാഹചര്യത്തിലാണ് മുങ്ങൽ. ഡോറ അസറിയ ക്രിപ്സിന്റെ 10 കോടിയിലേറെ രൂപ വിലവരുന്ന വസ്തു വ്യാജപ്രമാണം ചമച്ചു കൈക്കലാക്കിയതുമായി ബന്ധപ്പെട്ട പ്രധാന കണ്ണിയാണ് അനില്‍ തമ്പി.
ബിസിനസ് മാഗ്നറ്റായി അറിയപ്പെടുന്ന ഇയാളോട് അസല്‍ പ്രമാണം ഹാജരാക്കാന്‍ മ്യൂസിയം പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന്റെ അടുത്ത ദിവസങ്ങളിലാണ് ഇയാള്‍ കേരളത്തില്‍ നിന്നു മുങ്ങിയതെന്നാണു സൂചന.
അനില്‍ തമ്പിയെ അന്വേഷിച്ച് പ്രത്യേക സംഘം ആന്ധ്ര, ഹരിയാന, ഡല്‍ഹി, പശ്ചിമബംഗാള്‍ തുടങ്ങിയ നിരവധി സംസ്ഥാനങ്ങളില്‍ അന്വേഷണം നടത്തുകയുണ്ടായി. തിരുവനന്തപുരം വിമാനത്താവളം വഴി ഇയാള്‍ വിദേശത്തേക്ക് കടക്കാതിരിക്കാന്‍ മാർഗങ്ങള്‍ സ്വീകരിച്ചിരുന്നുവെങ്കിലും റോഡുമാര്‍ഗ്ഗമാണ് അനില്‍ തമ്പി അന്യസംസ്ഥാനങ്ങളിലേക്ക് മുങ്ങിയതെന്നാണു അറിയാന്‍ സാധിക്കുന്നത്.
ഇയാള്‍ നിരവധി സംസ്ഥാനങ്ങളില്‍ ഒളിവില്ക്കഴിഞ്ഞുവന്നിരുന്നു. ഡല്‍ഹിയില്‍ ഇയാള്‍ താമസിച്ചിരുന്ന ഒരു ഫ്ലാറ്റിന്റെ ദിവസവാടക 12,000 രൂപവരെയാണെന്നു പോലീസ് കണ്ടെത്തുകയുണ്ടായി. രാജ്യത്തെ ഉന്നതരുമായി ബന്ധങ്ങളുള്ളതിനാല്‍ ഇയാള്‍ അന്യസംസ്ഥാനത്തുനിന്നു വിദേശത്തേക്ക് കടക്കാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല.
നേപ്പാളോ ഭൂട്ടാനോ വഴി ഗള്‍ഫ്രാജ്യങ്ങളിലേക്ക് ഇയാള്‍ കടക്കാന്‍ സാധ്യതയുണ്ടെന്നാണ് പോലീസിന്റെ അനുമാനം. ജവഹര്‍ നഗറിലെ വീട്ടില്‍ അനില്‍ തമ്പിയുടെ ഭാര്യമാത്രമാണ് താമസിച്ചുവരുന്നത്. ഇയാളുടെ മകള്‍ ജര്‍മ്മനിയിലാണ് താമസിക്കുന്നത്. വിദേശത്തേക്കു കടക്കാതിരിക്കുന്നതിനു സര്‍വ വിധ അന്വേഷണവും പോലീസ് നടത്തിയെങ്കിലും അനില്‍ തമ്പിയുടെ ഉന്നതങ്ങളിലെ സ്വാധീനമാണ് പോലീസിനെ അതിശയിപ്പിക്കുന്നത്.
അമേരിക്കയില്‍ താമസിക്കുന്ന ഡോറ ഇനി തിരിച്ചു നാട്ടിലേക്കു വരാന്‍ സാധ്യതയില്ലെന്നുള്ള ധാരണയിലാണ് വസ്തുതട്ടിയെടുപ്പ് ഇയാള്‍ ആസൂത്രണം ചെയ്തത്. അനില്‍ തമ്പിയെ പിടികൂടാതെ കേസിന്റെ അന്വേഷണം മുന്നോട്ടുകൊണ്ടു പോകാന്‍ സാധിക്കില്ല എന്നിരിക്കെ ഇയാളെ ഇനി എങ്ങനെ കണ്ടെത്തുമെന്നതാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്.