ആറാലുംമൂട് ചന്ത മൈതാനത്തില്‍ നെയ്യാര്‍ മേളയുടെ ആഘോഷത്തിളക്കം
1584136
Friday, August 15, 2025 7:16 AM IST
നെയ്യാറ്റിന്‍കര: കുറ്റിക്കാടുകള്‍ വെട്ടിത്തെളിച്ചും ചപ്പുചവറുകള്‍ നീക്കം ചെയ്തും ആറാലുംമൂട് ചന്ത മൈതാനത്തിന് പുത്തന്‍മുഖം ഒരുക്കാനുള്ള തിടുക്കത്തിലാണ് നെയ്യാര്‍ മേള സംഘാടക സമിതി. ജെസിബിയും റോളറും ഉപയോഗിച്ച് മേളയുടെ അരങ്ങ് തയാറാക്കാനുള്ള പ്രാഥമിക നടപടികള്‍ ഏറെക്കുറെ പൂര്‍ത്തിയായി. വിശാലമായ പന്തല്‍ നിര്‍മാണമാണ് അടുത്ത ഘട്ടം.
രാജഭരണകാലത്തു സ്ഥാപിച്ച ആറാലുംമൂട്ടിലെ ചരിത്രപ്രസിദ്ധമായ രണ്ടു ചന്തകള്‍ നെയ്യാര്‍ മേളയുടെ വേദിയാകുന്നത് മൂന്നാം തവണയാണ്.
നാലേക്കറിലധികം വിസ്തീര്‍ണത്തിലുള്ള പച്ചക്കറിച്ചന്തയും തൊട്ടപ്പുറത്തായി കാലിച്ചന്തയുമാണ് ഇവിടെയുള്ളത്. ശനി, ബുധന്‍ ദിവസങ്ങളില്‍ സ്പെഷല്‍ കാലിച്ചന്ത പ്രവര്‍ത്തിച്ചിരുന്നു.
വിവാഹാവശ്യങ്ങള്‍ക്കും വിശേഷാല്‍ ചടങ്ങുകള്‍ക്കുമായി പച്ചക്കറി വാങ്ങാന്‍ തിരുവനന്തപുരം ജില്ലയുടെ വ്യത്യസ്ത പ്രദേശങ്ങളില്‍നിന്നും ആവശ്യക്കാര്‍ ആറാലുംമൂട് ചന്തയിലെത്തിയിരുന്നത് ഇന്നാട്ടിലെ മുതിര്‍ന്ന തലമുറയിലെ തലമുറയിലെ പലരുടെയും ഓര്‍മകളിലുണ്ട്. കോവിഡ് രോഗകാലത്ത് ആറാലുംമൂട് ചന്തകളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു.
ദിവസങ്ങളോളം നീണ്ട അടച്ചിടല്‍ ചന്തയുടെ ഭൗതികാവസ്ഥയെ പ്രതികൂലമായി ബാധിച്ചു. ഇന്നലെകളിലെ പ്രൗഢി വീണ്ടെടുക്കാനായി കാടും പടര്‍പ്പുമൊക്കെ വെട്ടിമാറ്റി ചന്തയുടെ പ്രവര്‍ത്തനം പുനഃ രാരംഭിച്ചെങ്കിലും പഴയ തിരക്ക് തീരെയില്ലെന്നു കച്ചവടക്കാരും തദ്ദേശീയരും ഒരുപോലെ ചൂണ്ടിക്കാട്ടി. ഹരിത കര്‍മ സേനാംഗങ്ങള്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകളുടെ കൂന്പാരം ചന്തയിലെ ഷെഡുകളില്‍ കാണാം. ആറാലുംമൂട് വെജിറ്റബിൾ മാർക്കറ്റ് വികസനത്തിന്റെ ഭാഗമായി ഇവിടെയൊരു വാണിജ്യ കെട്ടിട സമുച്ചയം നിലവില്‍ വരും.
സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നെയ്യാറ്റിന്‍കര ഏരിയാ കമ്മിറ്റി സംഘടിപ്പിക്കുന്ന നെയ്യാര്‍ മേളയ്ക്ക് ഇക്കുറിയും ഈ നാട്ടുവിപണന കേന്ദ്രങ്ങള്‍ ആതിഥേയത്വം വഹിക്കുന്പോള്‍ സമീപവാസികള്‍ക്കും കച്ചവടക്കാര്‍ക്കുമെല്ലാം ആഹ്ളാദമാണ്.
ചന്തകളിലെ ആളനക്കം പച്ചക്കറികളുടെയും കാലികളുടെയും കച്ചവടത്തിനായല്ലെങ്കിലും വ്യാപാരമേള കൂടിയാണല്ലോ എന്ന ആശ്വാസമാണ് ചെറുകിട വില്‍പ്പനക്കാര്‍ക്ക് അടക്കമുള്ളത്. സമീപവാസികളെ സംബന്ധിച്ചിടത്തോളം ഓണാഘോഷവും സാംസ്കാരികോത്സവവുമൊക്കെയായതിനാല് കലാവിരുന്നുകള്‍ ആസ്വദിക്കുന്നതിനുറമേ സമൂഹത്തിലെ വിവിധ പ്രമുഖരെയും പ്രതിഭകളെയും നേരിട്ടു കാണാനാവുമല്ലോ എന്ന സന്തോഷമാണ്. 29 മുതല്‍ സെപ് തംബര്‍ 14 വരെയാണ് നെയ്യാര്‍ മേള.