ജവഹർ നഗർ വസ്തുതട്ടിപ്പ് കേസ് : അനില്‍ തമ്പിയെ പിടികൂടാന്‍ ഊർജിത ശ്രമവുമായി പോലീസ്
1596808
Saturday, October 4, 2025 6:38 AM IST
പേരൂര്‍ക്കട: ജവഹര്‍ നഗര്‍ വസ്തുതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സൂത്രധാരന്‍ അനില്‍ തമ്പിയെ പിടികൂടാനുള്ള ഊർജിത ശ്രമവുമായി പോലീസ്. ഡിജിറ്റല്‍ സംവിധാനങ്ങൾ അനില്‍ തമ്പി പാടേ ഉപേക്ഷിച്ചതാണ് പോലീസിനെ കുഴക്കുന്നത്.
എടിഎം കാര്‍ഡുകള്‍, ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, പാസ്പോര്‍ട്ട്, സ്മാര്‍ട്ട് ഫോണ്‍, കമ്പ്യൂട്ടര്‍, മെയില്‍ അക്കൗണ്ടുകള്‍, സോഷ്യല്‍ മീഡിയകള്‍ എന്നിവയൊന്നും ഇയാള്‍ കഴിഞ്ഞ മൂന്നുമാസമായി ഉപയോഗിക്കുന്നില്ല എന്നാണ് വിവരം. അനില്‍ തമ്പിയുടെ പാസ്പോര്‍ട്ട് പോലീസ് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. അതിനാൽ അന്യ രാജ്യങ്ങളിലേക്ക് ഇയാള്‍ കടക്കാനുള്ള സാദ്ധ്യത വളരെ കുറവാണ്.
നേപ്പാളിലേക്ക് റോഡുമാര്‍ഗമെത്തി പുതിയ പാസ്പോര്‍ട്ട് സംഘടിപ്പിച്ചാല്‍ മാത്രമേ മറ്റു രാജ്യങ്ങളിലേക്കു സഞ്ചരിക്കാനുള്ള വഴി തെളിയുകയുള്ളൂ. അനില്‍ തമ്പി അതിന് ശ്രമിക്കില്ല എന്നാണ് പോലീസ് കരുതുന്നത്. അനില്‍ തമ്പി ഏറ്റവുമൊടുവില്‍ വിളിച്ചിരിക്കുന്നത് വീട്ടിലേക്കാണെന്ന് കോള്‍ ലിസ്റ്റുകള്‍ പരിശോധിച്ചതില്‍ നിന്നു പോലീസിന് വ്യക്തമായിട്ടുണ്ട്. അതേസമയം ഇയാള്‍ ഒളിവില്‍പ്പോകുന്നതിന് മുമ്പുള്ള കോള്‍ വിവരങ്ങൾ മാത്രമാണ് പോലീസിന് ശേഖരിക്കാന്‍ സാധിച്ചത്.
ഡല്‍ഹി, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ അനില്‍ തമ്പിക്ക് നിരവധി ബന്ധങ്ങളുണ്ട്. റിയല്‍ എസ്റ്റേറ്റ് ബിസിനസ്, വാട്ടര്‍ ട്രീറ്റ്മെന്റ് ് പ്ലാന്റ്, ഷെയര്‍ട്രേഡ് മാര്‍ക്കറ്റ് തുടങ്ങിയവിലൂടെ ഉണ്ടാക്കിയെടുത്ത ബന്ധങ്ങളും നിരവധിയാണ്. കഴിഞ്ഞ കുറേമാസത്തിനിടെ അനല്‍ തമ്പി ബാങ്ക് അക്കൗണ്ടുകള്‍ വഴി യാതൊരു ഇടപാടുകളും നടത്തിയിട്ടില്ല. ഉന്നതരില്‍ നിന്നുള്ള സാമ്പത്തിക സഹായം ഇയാള്‍ക്ക് ലഭിക്കുന്നുണ്ടെന്നാണ് പോലീസ് കരുതുന്നത്.
ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ അനില്‍ തമ്പിയെ എത്രയും വേഗം പിടികൂടാനുള്ള കിണഞ്ഞ പരിശ്രമത്തിലാണ് പോലീസെന്ന് മ്യൂസിയം സി.ഐ വിമല്‍ അറിയിച്ചു. നിലവിൽ അമേരിക്കയിൽ താമസിക്കുന്ന കവടിയാർ ജവഹർ നഗർ സ്വദേശിനിയുടെ 10 കോടിയോളം വിലവരുന്ന വീടും വസ്തുവും തട്ടിയെടുത്ത കേസിൽ ആണ് പോലീസ് അനിൽ തന്പിയെ തെരയുന്നത്.