കുടിവെള്ള പൈപ്പ് പൊട്ടി ജലവിതരണം ഭാഗികമായി മുടങ്ങി
1596820
Saturday, October 4, 2025 6:49 AM IST
പേരൂര്‍ക്കട: വാൻറോസ് ജംഗ്ഷനില്‍ കുടിവെള്ള പൈപ്പ് പൊട്ടി ജലവിതരണം ഭാഗികമായി മുടങ്ങി. 315 എംഎം ഹൈ ഡെന്‍സിറ്റി പോളി എഥിലീന്‍ പൈപ്പാണ് ഇവിടെ പൊട്ടിയത്. രണ്ടുദിവസം മുമ്പ് പൈപ്പില്‍ ചോര്‍ച്ച കണ്ടെത്തിയിരുന്നു. ഇന്നലെ പുലര്‍ച്ചെ മുതല്‍ ശക്തമായി മുകളില്‍ കൂടി ജലം ഒഴുകുകയായിരുന്നു.
ഏകദേശം 35 വര്‍ഷം കാലാവധി പറയുന്ന പൈപ്പ് 40 വര്‍ഷത്തോളം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. പൈപ്പിന്റെ കാലപ്പഴക്കമാണ് പൊട്ടാന്‍ കാരണമായത്. മാസങ്ങള്‍ക്ക് മുമ്പ് ഇതേ സ്ഥലത്ത് രണ്ട് തവണ പൈപ്പ് പൊട്ടി ജലവിതരണം പൂര്‍ണമായി മുടങ്ങിയിരുന്നു. വെള്ളയമ്പലം ഒബ്സര്‍വേറ്ററില്‍ നിന്ന് സെക്രട്ടേറിയറ്റ് ഭാഗത്തേക്കും മറ്റു പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്കും കുടിവെള്ളം എത്തിക്കുന്ന പൈപ്പാണ് ഇത്.
അതുകൊണ്ടുതന്നെ തിരക്കുള്ള സമയങ്ങളിലും ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ദിവസങ്ങളിലും അറ്റകുറ്റപ്പണി ചെയ്യുന്നത് പ്രായോഗികമാകുകയില്ല. പൈപ്പിന്റെ അറ്റകുറ്റപ്പണി നാളെ ആരംഭിക്കുമെന്ന് വാട്ടര്‍ അഥോറിറ്റി പാളയം സെക്ഷന്‍ എഇ അറിയിച്ചു. രണ്ടു മീറ്ററോളം ആഴത്തിലാണ് പൈപ്പ് കടന്നുപോകുന്നത്.
അതുകൊണ്ട് തന്നെ പൈപ്പിന്റെ അറ്റകുറ്റപ്പണി ശ്രമകരമാകും. വാഹനത്തിരക്ക് കുറയുന്ന ഞായറാഴ്ച അറ്റകുറ്റപ്പണി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത് അതുകൊണ്ടാണ്. പൈപ്പിന്റെ പണി ആരംഭിക്കുന്നതോടുകൂടി ബേക്കറി ജംഗ്ഷന്, ലെനിന് നഗര്‍, വാൻറോസ് ജംഗ്ഷന്, സ്റ്റാച്യു, സെക്രട്ടേറിയറ്റ്, പുളിമൂട്, നന്ദാവനം, പ്രസ് റോഡ് തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ കുടിവെള്ളം മുടങ്ങും.
ജെസിബി ഉപയോഗിച്ച് റോഡ് കുഴിച്ചാല്‍ മാത്രമേ പൈപ്പിന്റെ അവസ്ഥ അറിയാന്‍ സാധിക്കുകയുള്ളൂ. പൈപ്പ് പൂര്‍ണമായി പൊട്ടിയിട്ടുണ്ടെങ്കില്‍ പുതിയ പൈപ്പ് വിളക്കിച്ചേര്ക്കേണ്ടതായി വരും.