ഏഴു ദിവത്തിനിടയിൽ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ടത് എട്ടു കുട്ടികൾ
1596814
Saturday, October 4, 2025 6:38 AM IST
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള അമ്മത്തൊട്ടിലുകളിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എത്തിയത് എട്ടു കുരുന്നുകൾ. വ്യാഴാഴ്ച രാത്രി പത്തരയോടെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ 11 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞും ഇന്നലെ നാലരയ്ക്ക് കോഴിക്കോട് അമ്മത്തൊട്ടിലിൽ 20 ദിവസം പ്രായമുള്ള മറ്റൊരാണ്കുഞ്ഞിനെയുമാണ് ഒടുവിൽ ലഭിച്ചത്.
അമ്മത്തൊട്ടിലിൽ എത്തിയ ഉടൻ തൈക്കാട് കുട്ടികളുടെ ആശുപത്രിയിലും കോഴിക്കോട് ബീച്ച് ആശുപത്രിയിലും എത്തിച്ച് കുഞ്ഞുങ്ങളെ പ്രാഥമിക പരിശോധനയ്ക്ക് വിധേയമാക്കി. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലാത്തതിനാൽ പുരസ്ക്കാർ എന്നു പേരിട്ട കുട്ടിയെ തിരുവനന്തപുരത്തെ പരിചരണ കേന്ദ്രത്തിലും ഹോർത്തൂസ് എന്നു പേരിട്ട കുട്ടിയെ കോഴിക്കോട് ബീച്ച് ആശുപത്രിയിലും പരിചരണത്തിനായി പ്രവേശിപ്പിച്ചു.
ഇവരുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ അടിയന്തിരമായി ബന്ധപ്പെടണമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുണ്‍ ഗോപി പത്രകുറിപ്പിൽ അറിയിച്ചു.