തദ്ദേശസ്ഥാപനങ്ങളെ വെള്ളാനകളാക്കി: വി.മുരളീധരൻ
1596813
Saturday, October 4, 2025 6:38 AM IST
നെടുമങ്ങാട് : രാഷ്ട്രീയ താല്പര്യം മുൻനിർത്തി നരേന്ദ്രമോദി സർക്കാർ വിഭാവനം ചെയ്യുന്ന പദ്ധതികൾ തദ്ദേശതലത്തിൽ അട്ടിമറിക്കപ്പെടുകയാണെന്നും തദ്ദേശസ്ഥാപനങ്ങളെ സ്വന്തം കീശനിറയ്ക്കാനുള്ള വെള്ളാനകളായി കണക്കാക്കുന്ന ഇടത്-വലത് മുന്നണികൾ കേരളത്തിന്റെ ശാപമെന്നും മുൻ കേന്ദ്രസഹമന്ത്രി വി.മുരളീധരൻ. ബി.ജെ.പി ആനാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ജനരക്ഷായാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഐ വിട്ട് ബിജെപിയിൽ ചേർന്ന ജെ.അരുൺബാബുവിന് യോഗത്തിൽ വി.മുരളീധരൻ അംഗത്വം നൽകി.വിവിധ പാർട്ടികളിൽ നിന്ന് ബിജെപിയിൽ ചേർന്ന പട്ടാളം വിജയകുമാർ,പ്രണവം പ്രകാശ്, അശോകൻ പണ്ടാരക്കോണം, എസ്.മുരളി എന്നിവരെ ഷാൾ അണിയിച്ച് സ്വീകരിച്ചു.
ബി.ജെ.പി പാലോട് മണ്ഡലം വൈസ് പ്രസിഡന്റ് പ്രശാന്ത് ചെറുവേലിയുടെ അധ്യക്ഷതയിൽ ആനാട് മണ്ഡലം സെക്രട്ടറി അനീഷ്കൃഷ്ണ കല്ലിയോട് സ്വാഗതം പറഞ്ഞു.രാവിലെ ഉണ്ടപാറയിൽ നിന്നും ആരംഭിച്ച ജനരക്ഷായാത്ര ജാഥാ ക്യാപ്ടന്മാർക്ക് പതാക കൈമാറി ബിജെപി മേഖലാ പ്രസിഡന്റ് അഡ്വ.ഗോപകുമാർ ഉദ്ഘാടനം ചെയ്തു.