കേരള വിദ്യാഭ്യാസ മാതൃക പൈതൃകവും നവോത്ഥാനവും തമ്മിൽ ബന്ധിപ്പിക്കുന്നത്: മന്ത്രി വി.ശിവൻകുട്ടി
1596829
Saturday, October 4, 2025 6:53 AM IST
നേമം: പൈതൃകവും നവോത്ഥാനവും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് കേരളത്തിന്റെ വിദ്യാഭ്യാസ മാതൃകയെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പുന്നമൂട് ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിലേയും കോട്ടുകാൽ എൽപി സ്കൂളിലെയും വെങ്ങാനൂർ ഗവ. മോഡൽ എച്ച്എസ്എസിലെയും വർണക്കൂടാരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷാ കേരളയും കൈകോർത്തു നടത്തുന്ന പദ്ധതികൾ പൊതുവിദ്യാഭ്യാസ രംഗത്തിന്റെ ഉയർച്ചയിലൂടെ നവകേരളത്തിന്റെ വഴി തെളിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ പുന്നമൂട് ഗവ.മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പും എസ്എസ്കെയും സംയുക്തമായി തിരുവനന്തപുരം സൗത്ത് യുആർസിയുടെ നേതൃത്വത്തിൽ സ്റ്റാർസ് പദ്ധതിയിലുടെ 10 ലക്ഷം രൂപ വിനിയോഗിച്ചാണ് വർണ്ണക്കൂടാരം ഒരുക്കിയത്.
മൂന്ന് വിദ്യാലയങ്ങളിൽ നടന്ന ഉദ്ഘാടന ചടങ്ങുകളിൽ എം.വിൻസന്റ് എംഎൽഎ അധ്യക്ഷത വഹിച്ചു. പുന്നമൂട് ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോമശേഖരൻ, ജില്ലാ പഞ്ചായത്ത് അംഗം ഗത് റൂഫസ്, പ്രധാനാധ്യാപിക എസ്.എസ്.സിന്ധു തുടങ്ങിയവർ പങ്കെടുത്തു.
വെങ്ങാനൂർ ഗവ. മോഡൽ എച്എസ്എസിലെ പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ ടി.എസ്.ബീന, വാർഡ് അംഗം മിനി വേണുഗോപാൽ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. കോട്ടുകാൽ ഗവ. എൽപിഎസിൽ നടന്ന പരിപാടിയിൽ കോട്ടുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ചന്ദ്രലേഖ, പ്രധാനാധ്യാപിക എസ്.ദീപ, എസ്, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.