വന്‍ ലഹരി കടത്തു സംഘം പിടിയിൽ
1596819
Saturday, October 4, 2025 6:49 AM IST
പിടിയിലായത് സ്ത്രീ ഉൾപ്പെടെയുള്ള നാലംഗ സംഘം
തിരുവനന്തപുരം : വന്‍ ലഹരി കടത്തു സംഘം തിരുവനന്തപുരം റൂറല്‍ ഡാന്‍സാഫ് സംഘത്തിന്റ പിടിയിലായി. വിപണിയില്‍ പതിനഞ്ച് ലക്ഷത്തില്‍ അധികം വിലയുളള 308 ഗ്രാം എംഡിഎംഎ യുമായി വനിത ഉള്‍പ്പെട്ട നാലു പേരടങ്ങുന്ന സംഘമാണ് പിടിയിലായത്.
പരിശോധനയില്‍ രണ്ട് തവണയായാണ് ഇവരില്‍ നിന്നും ലഹരി വസ്തുക്കള്‍ പിടികൂടിയത്. വനിതയുടെ ദേഹ പരിശോധനയില്‍ ആദ്യം 175 ഗ്രാം എം ഡി എം എ പിടികൂടിയിരുന്നു. സംശയം തോന്നി വീണ്ടും നടത്തിയ പരിശോധനയില്‍ ആണ് 133 ഗ്രാം എം ഡി എം എ കൂടി കണ്ടെടുത്തത്.
കുറച്ചുകാലമായി ഇവര്‍ ഡാന്‍സാഫ് സംഘത്തിന്റ രഹസ്യ നിരീക്ഷണത്തിലായിരുന്നു. കൊല്ലം ചടയമംഗലം പോരേടം ഒലൂര്‍ക്കോണം ചരുവിള വീട്ടില്‍ ഷമി (32), കണിയാപുരം ചിറ്റാറ്റുമുക്ക് ജന്മിമുക്ക് ജന്മി മനസിലില്‍ മുഹമ്മദ് കല്‍ഫാന്‍ (24), ചിറ്റാറ്റ് മുക്ക് ചിറക്കല്‍ മണക്കാട്ട് വിളാകം വീട്ടില്‍ ആഷിക്ക് (20), ചിറ്റാറ്റ് മുക്ക് മണക്കാട്ട് വിളാകം അല്‍ അമീന് (23) എന്നിവരെയാണ് പൊഴിയൂര്‍ ചെങ്കവിള വെച്ച് ഡാന്‍സാഫ് സംഘവും പൊഴിയൂര്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പോലീസ് പിടിച്ചെടുത്തു.
ബംഗളൂരുവില്‍ നിന്നുമാണ് ഇവര്‍ എംഡിഎംഎ കടത്തികൊണ്ട് വന്നത്. തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ വ്യാപകമായി മയക്കുമരുന്ന് വ്യാപാരം നടത്തി വരുന്ന സംഘമാണ് ഇപ്പോള്‍ വലയിലായത്. കഴിഞ്ഞ മാസം ആറ്റിങ്ങല്‍ ഡാന്‍സാഫ് സംഘം 530 ഗ്രാം എം ഡി എം യുമായി മൂന്ന് പേരെ പിടികൂടിയിരുന്നു.
കാര്‍ വാടകയ്ക്ക് എടുത്ത് കുടുംബസമേതം വിനോദയാത്ര പോകുന്ന രീതിയിലാണ് ഇവര്‍ ലഹരി ഉത്പന്നങ്ങള്‍ കേരളത്തിലെത്തിച്ചിരുന്നത്. വാഹനത്തിന്റെ മുന്‍വശത്തിരിക്കുന്ന സ്ത്രീയുടെ ശരീരത്തില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ ചെറുപൊതികളായി എംഡിഎംഎ സൂക്ഷിക്കുകയാണ് പതിവ്. കുടുംബസമേതമുള്ള യാത്രയെന്ന നിലയില്‍ മറ്റ് സംസ്ഥാനങ്ങളിലെ പരിശോധനകളില്‍ നിന്നും ഇവര്‍ രക്ഷപ്പെട്ടിരുന്നു.
ബംഗളൂരുവില്‍ നിന്ന് ലഹരി വാങ്ങി വനിതയുടെ നേതൃത്വത്തിലുള്ള സംഘം യാത്രതിരിച്ചതായി ജില്ലാ പോലിസ് മേധാവി കെ.എസ്.സുദര്ശനന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സംസ്ഥാന അതിര്‍ത്തിയിലുടനീളം പോലീസിന്റെ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. പോലീസിനെ കണ്ടതോടെ ഇടറോഡിലേക്ക് വാഹനം ഓടിച്ച് കയറ്റി രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പിന്തുടര്ന്ന് ഡാന്‍സാഫ് സംഘം സാഹസികമായി പിടികൂടുകയായിരുന്നു.
നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈ എസ്പി കെ.പ്രദീപ്, നെയ്യാറ്റിന്‍കര ഡിവൈഎസ്പി എസ്.ചന്ദ്രദാസ്, പൊഴിയൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എസ്.പി.സുജിത്ത് , ഡാന്‍സാഫ് സബ് ഇന്‍സ്പെക്ടര്‍മാരായ എഫ്. ഫയാസ്, രസല്‍ രാജ്, ബി. ദിലീപ്, പ്രേം കുമാര്‍, രാജീവന്, സംഘാംഗങ്ങൾ ആയ അനീഷ്, അരുണ്‍, റിയാസ്, പത്മകുമാര്‍, സുനില്‍രാജ്, ദിനോര്‍ വനിതാ പോലിസ് ഉദ്യോഗസ്ഥര്‍ ആയ സജിത, ആശ എന്നിവര്‍ അടങ്ങിയ സംഘമാണ് അറസ്റ്റ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്.