നെയ്യാറ്റിന്‍കര വാസുദേവന്‍ സ്മാരക ആരാമം നാടിന് സമര്‍പ്പിച്ചു
1596825
Saturday, October 4, 2025 6:49 AM IST
നെയ്യാറ്റിന്‍കര : മതങ്ങളില്ലാത്ത ഇന്‍ഡ്യയും മനുഷ്യത്വമുള്ള സമൂഹവുമാണ് സ്വപ്നമെന്ന് പ്രശസ്ത ഗായകന് പന്തളം ബാലന്. നെയ്യാറ്റിന്‍കര നഗരസഭ പരിധിയിലെ അത്താഴമംഗലത്ത് നെയ്യാറ്റിന്‍കര വാസുദേവന്‍ സ്മാരക ആരാമം ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആരാമത്തിന്റെ ഉദ്ഘാടനം കെ. ആൻസലൻ എംഎല്‍എ നിർവഹിച്ചു,
നഗരസഭ ചെയർമാൻ പി.കെ രാജമോഹനൻ അധ്യക്ഷനായി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.കെ ഷിബു, ജെ. ജോസ് ഫ്രാങ്ക്ളിൻ, ഡോ. എം.എ സാദത്ത്, എന്‍.കെ അനിതകുമാരി, ആര്. അജിത, കൗണ്‍സിലര്‍ ഷിബുരാജ് കൃഷ്ണ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ടി. ശ്രീകുമാർ, രാഘവൻനായർ, കൊടങ്ങാവിള വിജയകുമാർ, വിനോദ്, കെ.കെ ശ്രീകുമാർ, മുരളീധരൻനായർ, ശില്‍പ്പി മണികണ്ഠൻ മണലൂര്‍, ഗായകന് ഡോ. വാഴമുട്ടം ചന്ദ്രബാബു, നഗരസഭ എഞ്ചിനീയര്‍ ദിവ്യ ആര്. നായർ എന്നിവർ സംബന്ധിച്ചു.
കെ. ആന്‍സലന്‍ എംഎല്‍എ യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് സ്മാരകം നിര്‍മിച്ചത്. നെയ്യാറ്റിന്‍കര വാസുദേവന്റെ അര്‍ധകായ പ്രതിമയും ആരാമത്തിലുണ്ട്. കര്‍ണാടക സംഗീതലോകത്ത് മലയാളത്തിന്റെയാകെ അഭിമാനമായ നെയ്യാറ്റിന്‍കര വാസുദേവന്റെ ജന്മനാടായ അത്താഴമംഗലത്ത് തന്നെയാണ് സ്മാരകം യാഥാര്ഥ്യമായിരിക്കുന്നതെന്നത് തദ്ദേശീയരിലും ഏറെ സന്തോഷമുളവാക്കുന്നു.