നേന്ത്രക്ക വിലയിടിവ് കർഷകർക്ക് കനത്ത സാന്പത്തിക നഷ്ടം
1582643
Sunday, August 10, 2025 5:45 AM IST
കരുവാരകുണ്ട്: ഓണം മുന്നിൽ കണ്ട് നേന്ത്രവാഴ കൃഷി ചെയ്തവർ വില തകർച്ചയെ തുടർന്ന്
വൻ സാന്പത്തിക നഷ്ടത്തിലേക്ക്. ഉത്പ്പാദനം വർധിച്ചതും ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള നേന്ത്രക്ക ഇറക്കുമതിയുമാണ് കർഷകർക്ക് തിരിച്ചടിയായത്. കഴിഞ്ഞ ഓണത്തിന് മുന്പ് ഒരു കിലോ നേന്ത്രക്കായ്ക്ക് 60 മുതൽ 65 രൂപ വരെ വില ലഭിച്ചിരുന്നു.
എന്നാൽ ഇന്ന് അതേ സ്ഥാനത്ത് മുന്തിയ ഇനം നേന്ത്രക്ക ഒരു കിലോക്ക് 30 രൂപ പ്രകാരമാണ് കർഷകരിൽ നിന്ന് വ്യാപാരികൾ ശേഖരിക്കുന്നത്. ചില ദിവസങ്ങളിൽ ഈ വിലക്കും വാങ്ങാൻ വ്യാപാരികൾ തയാറാകുന്നില്ല. നേന്ത്രക്കായ്ക്ക് ഉത്പാദന ചെലവ് പോലും ലഭിക്കാത്ത സാഹചര്യത്തിൽ കൃഷി വകുപ്പ് കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവും ശക്തമാണ്.
പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്ത്
വാഴ കൃഷി നടത്തുകയും അതിന്റെ വിളവെടുപ്പ് തുടങ്ങിയപ്പോൾ മാന്യമായ വിലക്ക് ഉത്പ്പന്നം വിറ്റഴിക്കാൻ കർഷകർക്കാകുന്നില്ല. നേന്ത്രക്ക വാങ്ങാൻ ആളില്ലാതായതിനെ തുടർന്ന് കർഷകർ നേന്ത്രക്കുലകൾ മലയോര ഗ്രാമങ്ങളിലെ റോഡരികിൽ കൂട്ടിയിട്ട് കുറഞ്ഞ വിലക്ക് പൊതുജനങ്ങൾക്ക് വിൽപ്പന നടത്തി വരുന്നവരെയും കാണാം.
അതേസമയം കർഷകരിൽ നിന്ന് 30 രൂപക്ക് വാങ്ങുന്ന ഒരു കിലോ നേന്ത്രപ്പഴത്തിന് 50 രൂപക്കും മുകളിലാണ് വ്യാപാരികൾ വിൽക്കുന്നത്. ഇപ്പോഴത്തെ വില തകർച്ച കർഷകരെ കടുത്ത സാന്പത്തിക പ്രതിസന്ധിയിലാക്കുന്നു. സാധാരണ ജനങ്ങൾ സാന്പത്തിക ഞെരുക്കത്തിലായതാണ് നേന്ത്രപഴ വിപണിയിൽ മാന്ദ്യത്തിന് മറ്റൊരു കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്.
കാലവർഷത്തിൽ അനുഭവപ്പെട്ട കാറ്റിലും മഴയിലും വൻതോതിൽ നേന്ത്ര വാഴകൃഷി നശിച്ചിരുന്നു. ഓണം നാളുകളിൽ തമിഴ്നാട്ടിൽ നിന്ന് സംസ്ഥാനത്തേക്കുള്ള നേന്ത്രക്കാവരവ് തുടങ്ങിയാൽ നിലവിൽ ഇന്ന് കിട്ടുന്ന വില പോലും ലഭിക്കില്ലെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു.
രാസവളത്തിന്റെയും മറ്റും വില വർധനവിനെ തുടർന്ന് മലയോര ജനതയും മറ്റും വൻ തുക ചെലവഴിച്ചാണ് നേന്ത്രവാഴ കൃഷി ചെയ്യുന്നത്. കാട്ടാന, കാട്ടുപന്നി, കാട്ടുപോത്ത്, വാനരപട തുടങ്ങിയ വന്യജീവികൾ കൃഷിക്കാർക്ക് പേടി സ്വപ്നമാണ്.
ഇവയുടെ ശല്യത്തിൽ നിന്ന് കൃഷിയെ സംരക്ഷിക്കാൻ രാവും പകലും കാവലിരുന്നാണ് വാഴ കൃഷിയെ സംരക്ഷിക്കുന്നത്. ഇതിനു തന്നെ വൻ തുക ചെലവഴിക്കണം. വാഴ തോട്ടത്തിനു ചുറ്റും താല്ക്കാലിക സൗരോർജ വേലി നിർമിച്ചാലും കാട്ടാനകൾ നിമിഷ നേരം കൊണ്ട് നാശം വരുത്തുമെന്നും കർഷകർ പറയുന്നു. പാട്ടത്തിന് സ്ഥലമെടുത്ത് വാഴകൃഷി നടത്തുന്നവരാണ് ഭൂരിപക്ഷവും.