എഴുത്തിന്റെ നല്ലപാഠങ്ങൾ പകർന്ന് കവി മണന്പൂർ രാജൻ ബാബു
1583044
Monday, August 11, 2025 5:45 AM IST
അങ്ങാടിപ്പുറം: പൂക്കളുടെ ചിരിയും പക്ഷികളുടെ കൊഞ്ചലുകളും ആസ്വദിച്ച് കുട്ടികൾ വളരണമെന്ന് കവി മണന്പൂർ രാജൻ ബാബു. പ്രകൃതി നൽകുന്ന സ്നേഹപാഠങ്ങൾ പഠനത്തിന്റെയും ജീവിതത്തിന്റെയും ഭാഗമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാരംഗം സ്കൂളിൽ ഒരുക്കിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് അദ്ദേഹം പുരസ്കാരങ്ങൾ നൽകി.
പിടിഎ പ്രസിഡന്റ് സാജു ജോർജ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി.ടി.ബിജു, വിദ്യാരംഗം കോ ഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ, ശ്രീജ ജോസഫ്, ആൻ മരിയ ടോണി എന്നിവർ പ്രസംഗിച്ചു.