അമേരിക്കയുടെ നിലപാടിനെതിരേ കോണ്ഗ്രസ് പ്രതിഷേധിച്ചു
1582648
Sunday, August 10, 2025 5:45 AM IST
മലപ്പുറം: ഇന്ത്യൻ ഉത്പ്പന്നങ്ങൾക്ക് മേൽ 50 ശതമാനം ഇറക്കുമതി തീരുവ ചുമത്താനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം നരേന്ദ്ര മോദിയുടെ പൊള്ളയായ വിദേശനയത്തിന്റെ മുഖത്തേറ്റ കനത്ത പ്രഹരമാണെന്ന് ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് പറഞ്ഞു.
റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനെതിരെ ഇന്ത്യക്ക് വൻതോതിൽ തീരുവ ചുമത്തിയ യുഎസ് നടപടി ഇരട്ടത്താപ്പെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെ ഇന്ത്യ വിരുദ്ധ നിലപാടുകൾക്കെതിരെയും മോഡി ഭരണകൂടത്തിന്റെ നയ പരാജയങ്ങൾക്കെതിരെയും കെപിസിസി നിർദേശ പ്രകാരം മലപ്പുറത്ത് നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി വൈസ് പ്രസിഡന്റ് ഷാജി പച്ചേരി അധ്യക്ഷത വഹിച്ചു.
കെപിസിസി മെംബർമാരായ എ.എം. രോഹിത്, വി.എസ്.എൻ. നന്പൂതിരി, ഡിസിസി ഭാരവാഹികളായ അഡ്വ. നസ്റുള്ള, ഹാരിസ് ബാബു ചാലിയാർ, സി.കെ. ഹാരിസ്, സി. സുകുമാരൻ,പി.പി. ഹംസ, ഹൈദ്രോസ്, കെ.വി. ഇസ്ഹാക്ക് തുടങ്ങിയവർ പ്രസംഗിച്ചു.