ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി അങ്ങാടിപ്പുറം
1583036
Monday, August 11, 2025 5:45 AM IST
13 ന് കടകളടച്ച് പ്രതിഷേധ റാലി
പെരിന്തൽമണ്ണ: ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടിയ ദേശീയപാതയിലെ അങ്ങാടിപ്പുറത്ത് 13 ന് കടകളടച്ച് പ്രതിഷേധ റാലി നടത്താൻ വ്യാപാരികളുടെ തീരുമാനം.
ദിവസം തോറും രൂക്ഷമായിവരുന്ന അങ്ങാടിപ്പുറത്തെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് വ്യപാരി വ്യവസായി ഏകോപന സമിതി (കെവിവിഎസ്) മങ്കട, പെരിന്തൽമണ്ണ യൂണിറ്റ് പ്രവർത്തകരാണ് 13 ന് കടകളടച്ച് പ്രതിഷേധ റാലിയും ധർണയും നടത്തുന്നത്.
രാവിലെ റെയിൽവേ മേൽപാലം പരിസരത്ത് നിന്ന് അങ്ങാടിപ്പുറം ജംഗ്ഷനിലേക്ക് മാർച്ച് നടത്തും. തുടർന്ന് നടക്കുന്ന ധർണ കെവിവിഎസ് ജില്ലാ പ്രസിഡന്റ് പി.കുഞ്ഞാവുഹാജി ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം രാവിലെ 11 വരെ അങ്ങാടിപ്പുറത്ത് മുഴുവൻ കടകളും അടച്ചിടും.
അങ്ങാടിപ്പുറത്ത് മണിക്കൂറുകൾ നീളുന്ന ഗതാഗതകുരുക്ക് കാരണം ജനങ്ങളും വ്യാപാരികളും ഒരുപോലെ ബുദ്ധിമുട്ടുകയാണ്. ഏതാനും നാളുകൾക്ക് മുന്പ് ഇവിടെ കട്ടപാകി റോഡ് ഗതാഗതയോഗ്യമാക്കിയെങ്കിലും അതുകൊണ്ടൊന്നും വാഹനതിരിക്ക് ഒഴിയുന്നില്ല. മിക്ക സമയത്തും അങ്ങാടിപ്പുറത്ത് വാഹനങ്ങളുടെ നീണ്ടനിരയാണ് കാണുന്നത്.
രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യത്തിൽ ശാശ്വത പരിഹാരം കാണുന്നില്ലെന്നാണ് ജനങ്ങൾ പറയുന്നത്. സാമൂഹ്യാഘാത പഠനം നടത്തുകയും 10 കോടി രൂപ ബജറ്റിൽ നീക്കിവയ്ക്കുകയും ചെയ്ത ഓരാടംപാലം- മാനത്തുമംഗലം ബൈപ്പാസ് യാഥാർഥ്യമാക്കാൻ രാഷ്ട്രീയ കക്ഷികൾ ആത്മാർഥ ശ്രമം നടത്തണമെന്നും രാഷ്ട്രീയ കക്ഷികൾ ഒന്നിച്ചിരുന്ന് ബൈപ്പാസ് യാഥാർഥ്യമാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.
വൈലോങ്ങര- ഓരാടംപാലം ബൈപ്പാസ് പണി ഉടൻ ആരംഭിക്കുക, ചാത്തോലിക്കുണ്ട് റെയിൽവേ അണ്ടർപാസ് സ്ഥാപിക്കുക, ഹൈവേയിൽ ദിശാബോർഡുകൾ സ്ഥാപിക്കുക
എന്നി ആവശ്യങ്ങൾ നടപ്പാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് പി.ടി.എസ്. മൂസു,
ജില്ലാ സെക്രട്ടറി അക്രം ചുണ്ടയിൽ, പെരിന്തൽമണ്ണ മണ്ഡലം പ്രസിഡന്റ് യൂസഫ് രാമപുരം, മങ്കട മണ്ഡലം പ്രസിഡന്റ് മുഹമ്മദാലി തിരൂർക്കാട്, മണ്ഡലം ഭാരവാഹികളായ മനോജ് മേലാറ്റൂർ, ഗഫൂർ, ജബ്ബാർ അങ്ങാടിപ്പുറം, ലത്തീഫ് ടാലന്റ്, പി.പി. സൈതലവി തുടങ്ങിയവർ സംബന്ധിച്ചു.