ജൂണിയർ അത് ലറ്റിക്സ് മീറ്റ് : ഐഡിയൽ വീണ്ടും ചാന്പ്യൻമാർ
1583038
Monday, August 11, 2025 5:45 AM IST
തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്സിറ്റി സിന്തറ്റിക് സ്റ്റേഡിയത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന 54-ാമത് മലപ്പുറം ജില്ലാ ജൂണിയർ അത് ലറ്റിക്സ് മീറ്റിൽ തുടർച്ചയായ 17-ാം തവണയും ഐഡിയൽ കടകശേരി ചാന്പ്യൻമാർ.
54 സ്വർണവും 37 വെള്ളിയും 27 വെങ്കലവുമടക്കം 741 പോയിന്റുമായാണ് ഐഡിയലിന്റെ മുന്നേറ്റം. 21 സ്വർണവും 23 വെള്ളിയും 18 വെങ്കലവുമടക്കം 406 പോയിന്റ് നേടി റിയൽ റണ്ണേഴ്സ് പുത്തനത്താണി രണ്ടാം സ്ഥാനത്തെത്തി.
15 സ്വർണം 20 വെള്ളി 14 വെങ്കലവുമടക്കം 328.5 പോയിന്റ് കരസ്ഥമാക്കിയ തിരുനാവായ നവാമുകുന്ദ സ്പോർട്സ് അക്കാഡമിയാണ് മൂന്നാമത്. 229 പോയിന്റോടെ സിഎച്ച്എംഎച്ച്എസ്എസ് പൂക്കളത്തൂർ നാലാമതും 143 പോയിന്േറാടെ കെഐച്ച്എംഎച്ച്എസ്എസ് വാളക്കുളവും അഞ്ചാമതും സ്ഥാനങ്ങളിലെത്തി. സമാപന ചടങ്ങ് യൂണിവേഴ്സിറ്റി കായിക വിഭാഗം മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.
അത് ലറ്റിക്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മജീദ് ഐഡിയൽ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി വി.പി. മുഹമ്മദ് കാസിം, പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ കെ.പി.എം. സാക്കിർ, വൈസ് പ്രസിഡന്റ് ഷാഫി അമ്മായത്ത്, അബ്ദുൾ കാദർ ബാപ്പു, സൈഫ് സാഹിദ്, ഷുക്കൂർ ഇല്ലത്ത് എന്നിവർ പ്രസംഗിച്ചു.