പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു
1583040
Monday, August 11, 2025 5:45 AM IST
കൊളത്തൂർ: ജല അഥോറിറ്റിയുടെ മൂർക്കനാട് ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടി കൊളത്തൂർ തെക്കേക്കര എടയൂർ റോഡിൽ ജലപ്രളയം. തെക്കേക്കര ഭാഗത്താണ് വെള്ളം വലിയ തോതിൽ റോഡിലൂടെ പരന്നൊഴുകുന്നത്.
ഏറെ നാളായി ഈ ഭാഗത്ത് പൈപ്പ് തകരാർ മൂലം റോഡിൽ ചെറിയ തോതിൽ ലീക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു. തകരാർ പരിഹരിക്കണമെന്ന് നാട്ടുകാർ പല തവണ ജല അഥോറിറ്റി അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല. ഇന്നലെ രാവിലെ മുതൽ റോഡിലൂടെ ജലം പാഴായി പോവുകയാണ്.
മൂർക്കനാട് ശുദ്ധജല പദ്ധതിയിൽ നിന്ന് ഉയർന്ന ചില മേഖലകളിലെ ഉപഭോക്താക്കൾക്ക് ഇപ്പോഴും കൃത്യമായി കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. അതിനിടെയാണ് ഇവിടെ പൈപ്പ് പൊട്ടി റോഡാകെ ജലമൊഴുകുന്നത്. പ്രശ്നം പരിഹരിക്കുന്നതിന് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.