നിലന്പൂർ ജില്ലാ ആശുപത്രി വികസനം : കടുപ്പിച്ച് കോണ്‍ഗ്രസും സിപിഎമ്മും
1583046
Monday, August 11, 2025 5:48 AM IST
നിലന്പൂർ: നിലന്പൂർ ജില്ലാ ആശുപത്രി വികസനത്തിന് സ്കൂളിന്റെ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും സിപിഎമ്മും തമ്മിൽ പോര് മുറുകുന്നു. വിഷയത്തിൽ നിഷ്പക്ഷത പാലിച്ച് മുസ്ലിം ലീഗ്.
തദ്ദേശ തെരഞ്ഞെടുപ്പിന് മൂന്ന് മാസം മാത്രം ബാക്കി നിൽക്കെ നിലന്പൂർ ജില്ലാ ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് ഗവണ്മെന്റ് മോഡൽ യുപി സ്കൂളിന്റെ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസും സിപിഎമ്മും തമ്മിൽ വാദപ്രതിവാദങ്ങളുയർത്തുന്നത്. ജില്ലാ ആശുപത്രിയുടെ അടിസ്ഥാന വികസനത്തിന് ഗവണ്മെന്റ് മോഡൽ യുപി സ്കൂളിന്റെ സ്ഥലത്ത് നിന്ന് 99 സെന്റ് സ്ഥലം വിട്ടുകൊടുത്തു കൊണ്ടുള്ള നഗരസഭ തീരുമാനം കൈമാറിയിരുന്നു.
പി.വി.അബ്ദുൾ വഹാബ് എംപി, മുൻ എംഎൽഎ പി.വി. അൻവർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം എന്നിവരുടെ ഇടപെടലിനെ തുടർന്നാണ് നഗരസഭ ആശുപത്രിയുടെ മേൽനോട്ടം വഹിക്കുന്ന ജില്ലാ പഞ്ചായത്തിന് സമ്മതപത്രം കൈമാറിയത്.
നിലന്പൂർ ജില്ലാ ആശുപത്രിയിൽ കിഫ്ബി ഫണ്ട് ഉൾപ്പെടെ ഫണ്ട് ലഭ്യമാണെങ്കിലും പുതിയതായി കെട്ടിടങ്ങൾ നിർമിക്കാൻ സ്ഥലമില്ലാത്ത അവസ്ഥയിലാണ്. ആശുപത്രി വികസനത്തിന് പൂർണ പിന്തുണയുമായി കോണ്‍ഗ്രസ് നിൽക്കുന്പോഴും നിലന്പൂരിന്റെ ചരിത്രത്തിന്റെ ഭാഗമായ സ്കൂളിന്റെ സ്ഥലംവിട്ടു നൽകുന്നതിനോട് വിയോജിപ്പുണ്ട്.
പകരം ഭൂമി കണ്ടെത്തണമെന്നും നടപടികൾ വേഗമാക്കണമെന്നുമാണ് കോണ്‍ഗ്രസ് നിലപാട്.
സ്കൂളിന്റെ സ്ഥലം വിട്ടു നൽകികൊണ്ടുള്ള നഗരസഭയുടെ ഫയൽ ഇപ്പോൾ വിദ്യാഭ്യാസ മന്ത്രിയുടെ മുന്നിലാണ്. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാർ ഇടപെട്ട് വേണം ഇക്കാര്യത്തത്തിൽ തീരുമാനമെടുക്കാൻ.
തുടക്കം മുതൽ സ്കൂളിന്റെ സ്ഥലം ആശുപത്രി വികസനത്തിന് ഏറ്റെടുക്കണമെന്ന നിലപാടാണ് മുസ്ലിം ലീഗ് സ്വീകരിച്ചുവരുന്നത്. അതിനാൽ ഈ വിഷയത്തിൽ കോണ്‍ഗ്രസ്-മുസ്ലീം ലീഗ് കക്ഷികളിലെ ഭിന്നാഭിപ്രായം രാഷ്ട്രീയമായി മുതലെടുക്കാനുള്ള നീക്കമാണ് സിപിഎം നടത്തുന്നത്. സ്ഥല പരിമിതിമൂലം നിലന്പൂർ ജില്ലാ ആശുപത്രി നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് മണ്ഡലത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ചത് നിലന്പൂർ നഗരസഭയിൽ നിന്നാണ്.
3967 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. ഡിവിഷനുകൾ 33 - ൽ നിന്ന് 36 ആക്കി ഉയർത്തുകയും വാർഡ് വിഭജനത്തിലൂടെ തുടർ ഭരണം എൽഡിഎഫ് പ്രതീക്ഷിക്കുകയും ചെയ്യുന്ന അവസരത്തിലാണ് ഉപതെരഞ്ഞെടുപ്പിൽ കനത്ത പ്രഹരമേറ്റത്. കൂടാതെ എൽഡിഎഫ് വോട്ടുകളിൽ കടന്നു കയറി 2000 ത്തിലേറെ വോട്ടുകൾ പി.വി. അൻവർ നേടുകയും ചെയ്തു.
തൃണമൂൽ കോണ്‍ഗ്രസും നിലന്പൂർ നഗരസഭയിൽ മുഴുവൻ ഡിവിഷനിലും മത്സരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ചതുഷ്കോണ മത്സരത്തിനാണ് ഇക്കുറി നഗരസഭ വേദിയാകുക. അതിനാൽ തന്നെ ജില്ലാ ആശുപത്രി വികസനത്തിന് കോണ്‍ഗ്രസ് എതിര് നിൽക്കുന്നുവെന്ന പ്രചാരണത്തിന് മുൻതൂക്കം നൽകാനാണ് സിപിഎം ശ്രമം. എന്നാൽ വികസനത്തിന് കോണ്‍ഗ്രസ് എതിരല്ലെന്നും ജില്ലാ ആശുപത്രി വികസനം തങ്ങളാണ് കൊണ്ടുവന്നതെന്ന് തെളിയിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.