നിലന്പൂർ ജില്ലാ ആശുപത്രി വികസനം: വിവാദം മുറുകുന്നു
1582646
Sunday, August 10, 2025 5:45 AM IST
നിലന്പൂർ: നിലന്പൂർ ജില്ലാശുപത്രി വികസനവുമായി ബന്ധപ്പെട്ട് ഭരണ, പ്രതിപക്ഷ കക്ഷികൾ തമ്മിൽ വാദപ്രതിവാദങ്ങൾ മുറുകുന്നു.
നഗരസഭാ ചെയർമാൻ മൂക്കാതെ പഴുത്ത നേതാവാണെന്നും ജില്ലാ ആശുപത്രി വികസനത്തിന് കോണ്‍ഗ്രസ് എതിരാണെന്ന നഗരസഭാ ചെയർമാന്റെ പ്രസ്താവന രാഷ്ട്രീയ പക്വത ഇല്ലാത്തതാണെന്നും പ്രതിപക്ഷ നേതാവ് പാലോളി മെഹബൂബ് പറഞ്ഞു. 1903 ൽ സ്ഥാപിതമായ നിലന്പൂർ ഗവണ്മെന്റ് മോഡൽ യുപി സ്കൂളിന്റെ സ്ഥലം ആശുപത്രി വികസനത്തിന് ഏറ്റെടുക്കുന്നതിലെ പ്രയോഗിക ബുദ്ധിമുട്ടുകൾ മാത്രമാണ് ചൂണ്ടിക്കാട്ടിയത്.
നഗരസഭ രണ്ട് വർഷം മുന്പ്് സ്ഥലം വിട്ട് കൊടുക്കാൻ അനുമതി നൽകിയിട്ടും എന്തുകൊണ്ട് തുടർനടപടി നടന്നില്ലെന്നും പാലോളി മെഹബൂബ് ചോദിച്ചു. ഒരേക്കറിൽ താഴെ മാത്രം സ്ഥലമാണ് വീട്ടിക്കുത്ത് സ്കൂളിനുള്ളത്. രണ്ടേക്കറിൽ കൂടുതൽ സ്ഥലം മോഡൽ യുപി സ്കൂളിനുണ്ട്.
ഈ സ്ഥലത്തിന് പകരം വീട്ടിക്കുത്ത് സ്കൂളിനോട് ചേർന്ന് ഒരു സെന്റ് സ്ഥലം പോലും പുതിയതായി വാങ്ങിയിട്ടില്ല. 506 കുട്ടികൾ കൂടി വീട്ടിക്കുത്ത് സ്കൂളിലേക്ക് എത്തിയാൽ അവർക്ക് കളിക്കളം പോലും ഇല്ലാത്ത അവസ്ഥയാകും. നിലന്പൂർ ജില്ലാ ആശുപത്രി വികസനത്തിന് എന്നും കോണ്‍ഗ്രസും യുഡിഎഫും പിന്തുണ നൽകിയിട്ടേ ഉള്ളൂ.
കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഏറ്റവും വലിയ ഭൂരിപക്ഷം ലഭിച്ചത് നിലന്പൂർ നഗരസഭയിൽ നിന്നാണ്. ഇതിന്റെ ജാള്യത മറക്കാനാണ് നഗരസഭ ചെയർമാൻ കോണ്‍ഗ്രസ് വിരുദ്ധ പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്.
നഗരസഭയിലെ ചൂരക്കുളം അഴിമതി ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉന്നയിച്ച് യുഡിഎഫ് സമരം നടത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആര്യാടൻ മുഹമ്മദ് ജില്ലാ ആശുപത്രിയുടെവികസനത്തിന് ഒന്നും ചെയ്തില്ലെന്ന നഗരസഭാ ചെയർമാന്റെ പ്രസ്താവന പരിഹാസ്യമാണെന്ന് ഡിസിസി അംഗവും നിലന്പൂർ ജില്ലാ ആശുപത്രി എച്ച്എംസി അംഗവുമായ എ. ഗോപിനാഥ് പറഞ്ഞു.
ആര്യാടൻ മുഹമ്മദ് കൊണ്ടുവന്നതല്ലാതെ എന്തു വികസനമാണ് കഴിഞ്ഞ ഒന്‍പത് വർഷമായി നടപ്പാക്കിയതെന്ന് ചെയർമാൻ വ്യക്തമാക്കണം.
2015 ൽ നിലന്പൂർ താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയർത്തിയത് ആര്യാടൻ മുഹമ്മദാണ്. അന്ന് ഉണ്ടായിരുന്ന സ്റ്റാഫ് പാറ്റേണ്‍ മാത്രമാണ് ഇപ്പോഴുമുള്ളത്. ഒരു അറ്റൻഡറെ പോലും അധികമായി നിയമിക്കാൻ കഴിഞ്ഞിട്ടില്ല.
ആര്യാടൻ മുഹമ്മദ് കൊണ്ടുവന്ന മാതൃ ശിശു സംരക്ഷണ കേന്ദ്രം എൽഡിഎഫ് സർക്കാർ ഒന്‍പത് വർഷമായിട്ടും എന്തുകൊണ്ട് പൂർത്തിയാക്കിയില്ലെന്നും ഗോപിനാഥ് ചോദിച്ചു.