റോഡ് റോളർ സംരക്ഷിക്കണമെന്നാവശ്യം; സലീമിന്റെ ശ്രമങ്ങൾ പാഴായില്ല
1582645
Sunday, August 10, 2025 5:45 AM IST
മഞ്ചേരി: നൂറ്റാണ്ടുകൾ പഴക്കമുള്ള റോഡ് റോളർ അവഗണിക്കപ്പെടുന്നുവെന്ന പരാതിയിൽ നടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടർ തിരുവനന്തപുരം പുരാവസ്തു വകുപ്പ് ഡയറക്ടർക്ക് കത്തയച്ചു.
ഗിന്നസ് ജേതാവും വിപുലമായ പുരാവസ്തു ശേഖരണത്തിന്റെ ഉടമയുമായ മഞ്ചേരി മുള്ളന്‍പാറ പടവണ്ണ സലീം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മഞ്ചേരി പാണ്ടിക്കാട് റോഡ് ബൈപ്പാസ് ജംഗ്ഷനിൽ ട്രാഫിക് ഐലന്റായി ഉപയോഗിക്കുന്ന റോഡ് റോളറിനോട് അധികൃതർ തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സലീം കളക്ടർക്കും ജനപ്രതിനിധികൾക്കും പരാതി നൽകിയിരുന്നത്.
ബ്രിട്ടീഷ് ഭരണകാലത്ത് മഞ്ചേരിയിലെയും മലപ്പുറത്തെയും നിരവധി റോഡുകൾ നിർമിക്കാനായി ഉപയോഗിച്ച റോഡ് റോളർ മഞ്ചേരി പാണ്ടിക്കാട് റോഡിൽ ചെങ്ങണയിൽ മണ്ണിൽ പുതഞ്ഞു കിടക്കുകയായിരുന്നു.
പതിനഞ്ച് വർഷം മുന്‍പാണ് മഞ്ചേരി കിഴക്കേതലയിലെയും താണിപ്പാറയിലെയും യുവാക്കൾ ചേർന്ന് ജെസിബിയുടെ സാഹായത്തോടെ റോളർ സിഎച്ച് ബൈപ്പാസ് ജംഗ്ഷനിലെത്തിച്ചത്. ഈയിടെ നഗരസഭ ഈ റോഡ് റോളർ, ബൈപ്പാസ് ജംഗ്ഷനിൽ ട്രാഫിക് ഐലന്റാക്കുകയും സ്വകാര്യ സ്ഥാപനത്തിന് പരസ്യം സ്ഥാപിക്കാൻ നൽകുകയുമായിരുന്നു.
പരസ്യം സ്ഥാപിച്ചതോടെ നാടിന്റെ ചരിത്രം പറയുന്ന റോഡ് റോളർ പൊതുജനങ്ങൾക്കും ചരിത്രാന്വേഷകർക്കും കാണാൻ പോലും പറ്റാത്ത അവസ്ഥയിലായി. പൈതൃക ടൂറിസത്തിനും വിദ്യാർഥികൾക്ക് ചരിത്രപഠനത്തിനും ഉപയോഗിക്കാനാകാതെ നഗര വികസനത്തിന്റെ കഥ പറയുന്ന ശേഷിപ്പ് മതിയായ പരിഗണന നൽകി സംരക്ഷിക്കണമെന്നായിരുന്നു സലീമിന്റെ ആവശ്യം.