മതേതര ഇന്ത്യ എന്നത് മതതാത്പര്യത്തിന് എതിരാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നു: മന്ത്രി
1582652
Sunday, August 10, 2025 6:00 AM IST
സുൽത്താൻ ബത്തേരി: മതേതര ഇന്ത്യ എന്നത് മതതാത്പര്യത്തിന് എതിരാണെന്നു ചിലർ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. നാഷണലിസ്റ്റ് യൂത്ത് കോണ്ഗ്രസ് ജില്ലാ കമ്മിറ്റി "അസഹിഷ്ണുത വെടിയുക, സാഹോദര്യം നിലനിർത്തുക’ എന്ന മുദ്യാവാക്യം ഉയർത്തി സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യ ദിന കാന്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഛത്തീസ്ഗഡ് സംഭവത്തിന്റെ ചൂടാറുംമുന്പാണ് ഒഡീഷയിൽ വൈദികർക്കും സന്യസ്തർക്കും നേരേ അതിക്രമം ഉണ്ടായത്. ഇത്തരം ആക്രമണം കേരളത്തിലെത്താൻ അധികകാലം എടുക്കില്ല.
വിവിധ മതങ്ങളിൽപ്പെട്ടവർ ഒന്നുചേരുന്പോഴാണ് ഇന്ത്യയെന്ന സങ്കൽപ്പം പൂർണമാകുന്നത്. മതപ്രചാരണം നടത്തിയാൽ ആക്രമിച്ച് തുറങ്കിലടയ്ക്കും എന്ന സന്ദേശമാണ് ചിലർ നൽകുന്നതെന്നും ഇതിനെതിരേ ജാഗ്രത പുലർത്തണമെന്നും മന്ത്രി പറഞ്ഞു.
എൻവൈസി ജില്ലാ പ്രസിഡന്റ് എ.ജെ. ലിജോ അധ്യക്ഷത വഹിച്ചു. എൻസിപി-എസ് ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാൻ, സംസ്ഥാന സെക്രട്ടറി സി.എൻ. ശിവരാമൻ, ബ്ലോക്ക് പ്രസിഡന്റ് എം.കെ. ബാലൻ, സാബു സുജിത് എന്നിവർ പ്രസംഗിച്ചു.