സപ്ലൈകോ നെല്ല് സംഭരണം: കർഷകർ നട്ടം തിരിയുന്നു
1583604
Wednesday, August 13, 2025 7:57 AM IST
കൽപ്പറ്റ: ജില്ലയിൽ സപ്ലൈകോയ്ക്ക് നെല്ല് നൽകിയ കർഷകർ നട്ടം തിരിയുന്നു. നെല്ല് സംഭരണവും വില വിതരണവും സമയബന്ധിതമായി നടത്താത്തതുമൂലം കൃഷിക്കാർ അനുഭവിക്കുന്നത് ദുരിതം. ജില്ലയിൽ കഴിഞ്ഞ ജൂണ്‍ മുതൽ സംഭരിച്ച നെല്ലിന്റെ വില കർഷകർക്ക് ലഭിച്ചില്ല.
സപ്ലൈകോ അനുവദിക്കുന്ന പിആർഎസ്(പാഡി റസീറ്റ് ഷീറ്റ്) ഉപയോഗപ്പെടുത്തി ബാങ്കുകളിൽനിന്നു വായ്പയെടുത്തവർ സിബിൽ സ്കോർ കുറവുമൂലം മറ്റു വായ്പകൾ ലഭിക്കാതെയും പ്രയാസം നേരിടുകയാണ്. അനുവദിച്ച വായ്പ ബാങ്കിന്റെ അക്കൗണ്ടിൽ യഥാസമയം തിരിച്ചെത്താത്താണ് സിബിൽ സ്കോർ താഴുന്നതിന് കാരണമാകുന്നത്.
കാലാവസ്ഥയിലെ മാറ്റങ്ങൾ മൂലം ജില്ലയിൽ നെൽക്കൃഷി ഇറക്കലും വിളവെടുപ്പും വൈകിയാണ് നടക്കുന്നത്. എന്നിരിക്കേ നഞ്ചക്കൃഷി സംഭരണ കാലാവധി ഡിസംബർ 31 ആയും പുഞ്ചക്കൃഷി സംഭരണ കാലാവധി ജൂണ്‍ 30 ആയും നിജപ്പെടുത്തിയത് മറ്റൊരു പ്രതിസന്ധിയാണ്. മില്ലുടമകളുടെ ചൂഷണവും കർഷകർ നേരിടേണ്ടിവരുന്നു. സംഭരണവേളയിൽ നെല്ലിന് വെള്ള, മട്ട എന്ന വേർതിരിവ് മില്ലുകാർ ഏർപ്പെടുത്തുകയാണ്. മട്ടയെ അപേക്ഷിച്ച് വെള്ളയ്ക്ക് ഡിമാൻഡ് കുറവാണ്.
നെല്ലിന് തറവില കേന്ദ്ര സർക്കാർ ഓരോ ബജറ്റിലും വർധിപ്പിക്കുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ വില കൂട്ടാൻ സംസ്ഥാന സർക്കാർ തയാറാകുന്നില്ല. നിലവിൽ സപ്ലൈകോ സംഭരിക്കുന്ന നെല്ല് കിലോഗ്രാമിന് 28.20 രൂപയാണ് കർഷകർക്ക് വില കിട്ടുന്നത്. കിലോഗ്രാമിന് കയറ്റിറക്ക് ചെലവിനത്തിൽ 12 പൈസയും അനുവദിക്കുന്നുണ്ട്.
ജില്ലയിൽ സപ്ലോകോ സംഭരിച്ച നെല്ലിന്റെ വിലയായി കോടിക്കണക്കിനു രൂപ കൃഷിക്കാർക്ക് ലഭിക്കാനുണ്ടെന്ന് കണിയാന്പറ്റ നെൽക്കർഷക കൂട്ടായ്മ ഭാരവാഹികളായ ജോസ് മാത്യു, എ.ആർ. രമേശ്, പി. രാജീവ്, സാംസണ് ജോയി എന്നിവർ പറഞ്ഞു. കണിയാന്പറ്റ പഞ്ചായത്തിൽ മാത്രം 18 പാടശേഖരങ്ങളിലെ കർഷകരാണ് വില യാഥാസമയം കിട്ടാതെ ബുദ്ധിമുട്ടുന്നത്.
കർഷകരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കർഷക ദിനമായ ചിങ്ങം ഒന്ന് യാചനാദിനമായി ആചരിക്കാനും കൃഷിഭവനുമുന്പിൽ പ്രതിഷേധം സംഘടിപ്പിക്കാനും കൂട്ടായ്മ തീരുമാനിച്ചതായി ഭാരവാഹികൾ പറഞ്ഞു. നെൽവില ചിങ്ങം ഒന്നിനു മുന്‍പ് ലഭ്യമാക്കുന്നപക്ഷം യാചനാദിനാചരണം ഒഴിവാക്കും.