നാൽപ്പതിന്റെ നിറവിൽ പ്രിയദർശിനി ബസ്
1582653
Sunday, August 10, 2025 6:00 AM IST
കൽപ്പറ്റ: പഴയ പ്രതാപമില്ലെങ്കിലും ക്ലച്ച് ചവിട്ടി, ഗിയർ മാറ്റി 40-ാം വർഷത്തിലേക്ക് വളയം തിരിക്കുകയാണ് ജില്ലാ പട്ടികജാതി-വർഗ സഹകരണ സംഘത്തിന്റെ പ്രിയദർശിനി ബസ് സർവീസ്. ഒരു കാലത്ത് വയനാടൻ റോഡുകളിൽ പേരുകേട്ട പ്രിയദർശിനി ബസുകൾ ഇപ്പോഴും മൂന്നെണ്ണം നിരത്തിലുള്ളപ്പോൾ മറ്റു ജില്ലകളിൽ സർവീസ് അവസാനിച്ചിട്ട് വർഷങ്ങളായി.
മാനന്തവാടി-കോഴിക്കോട്, മാനന്തവാടി-ബത്തേരി, മാനന്തവാടി-വാളാട് റൂട്ടുകളിലാണ് നിലവിൽ ബസുകൾ ഓടുന്നത്. 1985ൽ എല്ലാ ജില്ലകളിലും ആരംഭിച്ച പട്ടികജാതി-വർഗ സഹകരണ ട്രാൻസ്പോർട്ട് സംഘം പിറ്റേ വർഷമാണ് ബസുകൾ വാങ്ങി സർവീസ് തുടങ്ങിയത്. 2016ൽ ജില്ലയിൽ എട്ട് പ്രിയദർശിനി ബസുകളാണ് ഓടിയിരുന്നത്.
ജില്ലാ കളക്ടർ ചെയർമാനും സബ് കളക്ടർ എംഡിയുമായുള്ള സംഘത്തിന്റെ ബസുകൾ കെഎസ്ആർടിസി, സ്വകാര്യ ബസ് പണിമുടക്കുള്ള ദിവസങ്ങളിലും ഓടിയിരുന്നു. 2012ൽ സംഘം ടൂറിസ്റ്റ് ബസുകളും ഇറക്കി.
പിന്നീട് വരുമാനത്തകർച്ച ഉൾപ്പെടെ കാരണങ്ങളാൽ സർവീസുകൾ ഒന്നൊന്നായി നിലച്ചു. ഒരു വർഷമായി തൊഴിലാളികൾക്ക് ലീസിന് നൽകിയാണ് പ്രിയദർശിനി ബസുകൾ ഓടുന്നത്. നിലവിൽ മൂന്ന് ബസുകളിലായി 18 തൊഴിലാളികളുണ്ട്.