തൊഴിലിടങ്ങളിലെ വനിത പ്രാതിനിധ്യം വർദ്ധിപ്പിക്കാൻ വിജ്ഞാന കേരളവും കുടുംബശ്രീയും കൈകോർക്കുന്നു
1583595
Wednesday, August 13, 2025 7:56 AM IST
കൽപ്പറ്റ: തൊഴിലിടങ്ങളിൽ വനിത പ്രാതിനിധ്യം വർധിപ്പിക്കാൻ 5000 പേർക്ക് തൊഴിൽ നൽകാൻ കൈകോർത്ത് വിജ്ഞാന കേരളവും കുടുംബശ്രീയും. തൊഴിൽ മേഖലയിൽ സ്ത്രീ പങ്കാളിത്തം ഉയർത്തുന്നതിനൊപ്പം ഓരോ അയൽക്കൂട്ട കുടുംബങ്ങൾക്കും വരുമാനം വർധിപ്പിക്കാൻ കൂടി ലക്ഷ്യമിട്ട് പുത്തൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. വിജ്ഞാന കേരളം കാന്പയിനിലൂടെ തൊഴിൽ സന്നദ്ധരായ കുടുംബശ്രീ അംഗങ്ങൾക്ക് നൈപുണി പരിശീലനം നൽകും.
കാന്പയിനിന്റെ ആദ്യഘട്ടത്തിൽ സെപ്റ്റംബറോടെ ഒരു ലക്ഷം ആളുകൾക്ക് വേതനാധിഷ്ഠിത തൊഴിൽ ലഭ്യമാക്കാനാണ് വിജ്ഞാനകേരളം മുഖേന കുടുംബശ്രീ ലക്ഷ്യമിടുന്നത്. ജില്ലയിലെ ഓരോ സിഡിഎസിലും 170 മുതൽ 200 പേർക്ക് ജോലി ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കാന്പയിനിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ സിഡിഎസുകളിലും വാർഡുതല പ്രവർത്തനങ്ങൾ ആരംഭിക്കും.
കുടുംബശ്രീകളിൽ പ്രവർത്തിക്കുന്ന അഭ്യസ്തവിദ്യരുടെ വിവരങ്ങൾ കണ്ടെത്തി ജോലി ആവശ്യമുള്ളവരുടെ വിവരശേഖരണം നടത്തി പ്രാദേശിക തൊഴിലവസരങ്ങൾ കണ്ടെത്തി നൽകും. തൊഴിൽ സാധ്യതകൾ കണ്ടെത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിൽ പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റ്, പെട്രോൾ പന്പ്, ഹോട്ടൽ, വ്യവസായ സ്ഥാപനങ്ങൾ, കുടുംബശ്രീ സംരംഭങ്ങൾ തുടങ്ങിയവയുടെ വിവരങ്ങൾ വാർഡ് അടിസ്ഥാനത്തിൽ തയാറാക്കും.
തൊഴിൽ സ്ഥാപനങ്ങൾ സന്ദർശിച്ച് കണ്ടെത്തുന്ന ഒഴിവുകൾ പോർട്ടലിൽ/ഗൂഗിൾ ഫോമിൽ രേഖപ്പെടുത്തും. ജോബ് റോൾ, എണ്ണം, ശന്പളം, യോഗ്യത എന്നിവ തദ്ദേശ സ്ഥാപനതല ഒഴിവുകളായി പ്രസിദ്ധപ്പെടുത്തും. അയൽക്കൂട്ടതലങ്ങളിൽ നിന്നും യോഗ്യരായവരെ കണ്ടെത്തി പട്ടിക തയാറാക്കൽ, തൊഴിൽ ദാതാക്കളെയും ആവശ്യക്കാരെയും ബന്ധിപ്പിക്കൽ, തൊഴിൽ ദാതാക്കളുടെയും തൊഴിൽ ലഭിച്ചവരുടെയും വിവരങ്ങൾ വിജ്ഞാന കേരളം എംഐഎസിൽ അപ്ഡേറ്റ് ചെയ്യൽ, ത്രിതലപഞ്ചായത്ത് തലത്തിൽ സംഘടിപ്പിക്കുന്ന തൊഴിൽ മേളകളുമായി സഹകരിക്കൽ, കുടുംബശ്രീ അംഗങ്ങളെ പങ്കെടുപ്പിച്ച് ജോലി ലഭ്യമാക്കൽ എന്നിവയാണ് കാന്പയിനിലൂടെ ലക്ഷ്യമാക്കുന്നത്.