മാതൃഭാഷയിലെ ഭാഷാധിനിവേശം ചെറുക്കണം: എം.എൻ. കാരശേരി
1583339
Tuesday, August 12, 2025 7:21 AM IST
സുൽത്താൻ ബത്തേരി: കേരളത്തിന്റെ മാതൃഭാഷയായ മലയാളം ഭാഷാധിനിവേശം എന്ന പ്രശ്നം വലിയതോതിൽ നേരിടുന്നു എന്ന "മലയാളഭാഷ നിലനിൽപ്പും പുരോഗതിയും’ എന്ന പുസ്തകത്തിലെ അഡ്വ. തങ്കച്ചന്റെ കണ്ടെത്തൽ തീർത്തും പ്രസക്തവും യാഥാർഥ്യവുമാണെന്നും ഭാഷാധിനിവേശ പ്രവണതകളെ ഫലപ്രദമായി ചെറുക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ മലയാളമെന്ന മാതൃഭാഷയെ നിലനിർത്താൻ കഴിയു എന്നും പ്രഫ.എം.എൻ. കാരശേരി പറഞ്ഞു.
ബത്തേരി ടൗണ് ഹാളിൽ അഡ്വ. തങ്കച്ചൻ രചിച്ച "മലയാളഭാഷ നിലനിൽപ്പും പുരോഗതിയും’ "പുരോസ്ഥിരചിന്ത ആശയവും പ്രയോഗവും’ എന്നീ രണ്ട് പുസ്തകങ്ങളുടെ പ്രകാശന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മാതൃഭാഷയെ വിസ്മരിക്കുന്ന മലയാളി ഭാഷാപരമായി മേലാള കീഴാള മനോഭാവം വെച്ചുപുലർത്തുന്നു എന്നും അദ്ദേഹം പറഞ്ഞു. മിടുക്കരായ വിദ്യാർഥികൾക്കുപോലും മലയാളഭാഷ ശരിയായി എഴുതാനും വായിക്കാനും കഴിയാത്തത് ഏറെ നിരാശ ഉണ്ടാക്കുന്നു എന്നും പെറ്റമ്മയെ പോലെ പരിഗണിക്കപ്പെടാൻ യോഗ്യയായ മാതൃഭാഷയെ ഭാഷാധിധിനിവേശ പ്രവണതകളിൽനിന്നും നാശത്തിൽ നിന്നും ഫലപ്രദമായി ചെറുക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ "മലയാളഭാഷ നിലനിൽപ്പും പുരോഗതിയും’ എന്ന പുസ്തകം ശരിയായ വഴികാട്ടിയായി നിലനിൽക്കുന്നു എന്നും എം.എൻ. കാരശേരി കൂട്ടിച്ചേർത്തു.
ഐസി ബാലകൃഷ്ണൻ എംഎൽഎ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അബ്ദുൾ കലാം ആസാദ് കോഴിക്കോട്, ഡോ. മിനി ഉതുപ്പ് നൂൽപ്പുഴ എന്നിവരെ പരിപാടിയിൽ ആദരിച്ചു. അബ്ദുൾ കലാം ആസാദ് അധ്യക്ഷത വഹിച്ചു. അഡ്വ. തങ്കച്ചൻ, ജുനൈദ് കൈപ്പാണി, പ്രഫ. താരാ ഫിലിപ്പ്, ഫാ. സിജു കുര്യാക്കോസ്, കെ.ജെ. ദേവസ്യ, സി.പി. അഷ്റഫ് തോമസ് വടക്കനാട്, മുജീബ് റഹ്മാൻ അഞ്ചു കുന്ന് എന്നിവർ പ്രസംഗിച്ചു.