പ്രതിസന്ധികളിലും നെൽകൃഷിയെ കൈവിടാത്ത ചേകാടിയിലെ കർഷകർ മാതൃക: മന്ത്രി ഒ.ആർ. കേളു
1583340
Tuesday, August 12, 2025 7:21 AM IST
പുൽപ്പള്ളി: പ്രതിസന്ധികളിൽപ്പോലും നെൽകൃഷിയെ കൈവിടാതെ ചേകാടിയിലെ കർഷകർ മാതൃകയാണെന്ന് മന്ത്രി ഒ.ആർ. കേളു.
ചേകാടി പാടത്ത് കന്പളനാട്ടി ഉത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. മൂപ്പൻസ് നഴ്സിംഗ് കോളജിന്റെയും ഒയിസ്ക ഇന്റർനാണൽ കൽപ്പറ്റ ചാപ്റ്റർ, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, ആത്മ, ചേകാടി നവയും ചേർന്നായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
നെൽകൃഷിയുമായി ബന്ധപ്പെട്ട് ഗോത്ര വിഭാഗങ്ങളുടെ ആചാരമായ കന്പളനാട്ടി വിപുലമായ പരിപാടികളോടെയാണ് ചേകാടിയിൽ സംഘടിപ്പിച്ചത്. അന്പലവയൽ കാർഷിക കോളജിലെ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ കന്പളനാട്ടി ഉത്സവത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.
കുലദൈവങ്ങളോടുള്ള പ്രാർഥനയും മുൻഗാമികളെ അനുസ്മരിക്കലോടെയായിരുന്നു ചടങ്ങുകൾ. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ, ജില്ലാ പഞ്ചായത്തംഗം എ.എൻ. സുശീല, അന്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടർ ഡോ. യാമിനി വർമ, പനമരം കൃഷി അസി. ഡയറക്ടർ ടി.എസ്. സുമിന, ഡോ. മൂപ്പൻസ് നഴ്സിംഗ് കോളജിലെ ഡോ. ലിഡ ആന്റണി, കൽപ്പറ്റ ഒയിസ്ക ചാപ്റ്റർ പ്രസിഡന്റ് ഡോ.എ.ടി. സുരേഷ്, കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോഓർഡിനേറ്റർ ഡോ. വി.വി. രാജൻ, വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസർ രാജി വർഗീസ്, ഗ്രാമപ്പഞ്ചായത്തംഗം രാജു തോണിക്കടവ്, കൃഷി ഓഫീസർ സാന്ദ്ര മരിയ സാജു എന്നിവർ പ്രസംഗിച്ചു.